ചെയിൻ കറക്കി ബാബു പറയും... വിത്തുകളും തൈകളും ആണോ പെണ്ണോ
1459744
Tuesday, October 8, 2024 7:51 AM IST
വടക്കഞ്ചേരി: കൃഷി ഇറക്കുന്ന വിത്ത് ആണോ പെണ്ണോ എന്ന് പരിശോധിച്ച് വിളവ് കണക്കാക്കുന്ന ഒരു കർഷകനുണ്ട് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ. 59 കാരനായ മേനോത്തുമാലിൽ ബാബുവാണ് ഈ വ്യത്യസ്തനായ കർഷകൻ. ചെടിയുടെയോ മരത്തിന്റേയോ ഇലയുടെ ഒരു തുണ്ട് മതി ആ മരം ആണോ പെണ്ണോ എന്ന് ബാബു തന്റെ കൈവശമുള്ള വാഹനത്തിന്റെ ചെയിൻ കറക്കി പറയും. ആൺവൃക്ഷമാണെങ്കിൽ ചെയിൻ സമാന്തരമായി ആടിക്കൊണ്ടിരിക്കും. പെൺമരമാണെങ്കിൽ ചെയിൻ വൃത്താകൃതിയിൽ കറങ്ങും. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെ ബാബു സ്വയം കണ്ടെത്തിയിട്ടുള്ള അറിവുകളാണ് ഇത്.
കൊന്നക്കൽക്കടവിലും അണക്കപ്പാറയിലുമായി എട്ട് ഏക്കറിലെ കൃഷികളെല്ലാം ഈ രീതിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് ബാബു ചെയ്യുന്നത്. വാഴക്കന്ന്, കവുങ്ങിൻതൈ, തെങ്ങിൻതൈ, കുരുമുളക്, ജാതി, പഴവർഗചെടികൾ തുടങ്ങിയവയെല്ലാം നഴ്സറികളിൽനിന്നും വാങ്ങുമ്പോഴും ബാബു ഈ പരിശോധനകളെല്ലാം നടത്തിയാണ് തൈകൾ പെണ്ണാണെന്ന് ഉറപ്പുവരുത്തി വാങ്ങുക.
കവുങ്ങുമരം കാണാതെ അതിലെ ഒരു അടയ്ക്ക മതി ആണോ പെണ്ണോ എന്നു ചെയിൻ കറക്കി ബാബു കണ്ടെത്തും. ഒരു അടയ്ക്കാക്കുലയിൽ വളരെ കുറച്ച് അടയ്ക്ക മാത്രമേ പെൺജാതി ഉണ്ടാവുകയുള്ളു. അണക്കപ്പാറയിലെ തോട്ടത്തിൽ കൃഷിചെയ്യാൻ മഞ്ചേരി കുള്ളൻ എന്ന ഇനം നേന്ത്രവാഴക്കന്നുകൾ 1500 എണ്ണം കൃഷി ചെയ്തു. ഇതിൽ പകുതിയോളം വാഴകളും വളർച്ച ശരിയായില്ല. ഒരേ രീതിയിലുള്ള പരിചരണമുറകൾ നൽകിയിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ച പരിശോധനകളാണ് വാഴകളിലെ ആൺ - പെൺ ജാതികൾ ബാബു തിരിച്ചറിഞ്ഞത്.
പിന്നീട് വിത്തു തെരഞ്ഞെടുപ്പു മുതൽ അതിസൂക്ഷ്മതയിലാണ് ബാബു വിത്ത് തെരഞ്ഞെടുത്ത് കൃഷി ചെയ്യുന്നത്.ഇതുമൂലം അത്യുത്പാദന വിളവുമുണ്ട്.
തോട്ടത്തിലെ ബോർവെല്ലുകൾക്കു സ്ഥാനം കണ്ടെത്തുന്നതും ബാബുതന്നെയാണ്. ചെയിൻ കറക്കി ഭൂമിക്കടിയിലെ വെള്ളച്ചാലുകൾ കണ്ടെത്തും. രണ്ടുദിവസം തുടർച്ചയായി പമ്പിംഗ് നടത്തിയാലും വെള്ളം കുറയാത്ത ബോർവെല്ലുകളാണ് തോട്ടത്തിലുള്ളത്. തന്റെ ശരീരത്തിലെ കാന്തശക്തിയോ പ്രത്യേക സിദ്ധിയോ ആണ് ഇതിനു കാരണമെന്നു ബാബു പറയുന്നു.
18 വർഷംമുമ്പാണ് അണക്കപ്പാറ എംഇഎസ് സ്കൂളിന് പിറകിൽ രണ്ടേകാൽ ഏക്കർ വേസ്റ്റ് ലാൻഡ് ബാബു വാങ്ങിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കി ഭൂമി കൃഷിയോഗ്യമാക്കി. ഇപ്പോൾ കവുങ്ങും വാഴയും കുരുമുളകും തെങ്ങും ജാതിയുമൊക്കെയായി പച്ചക്കാട് പോലെയാണ് തോട്ടം. ഗുണമുള്ള വിത്ത് എങ്ങനെ കണ്ടെത്താം എന്നതിലാണ് ബാബുവിന്റെ കൃഷിവിജയം.
യുട്യൂബ് വഴിയും ഓൺലൈൻ വഴിയും കൊതിപ്പിക്കുന്ന വാഗ്ദാനങ്ങൾ കണ്ട് കർഷകർ വഞ്ചിതരാകരുതെന്നാണ് ബാബു പറയുന്നത്. വിത്തും തൈകളും നേരിട്ടുകണ്ട് പരിശോധിച്ചുമാത്രമേ വാങ്ങാവൂ എന്നാണ് അനുഭവങ്ങളിലൂടെ ബാബു പങ്കുവയ്ക്കുന്നത്.
ഫ്രാൻസിസ് തയ്യൂർ