മാപ്രാണം - നന്തിക്കര റോഡ് നിര്‍മാണം ഒരുമാസത്തില്‍ തീര്‍ക്കുമെന്ന് പിഡബ്ല്യുഡി ഉറപ്പ്
1465537
Friday, November 1, 2024 1:53 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പുതുക്കാട് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ പ്രധാനപ്പെട്ട റോഡായ മാപ്രാണം നന്തിക്കര റോഡ് നിര്‍മാണം നവംബര്‍ 30നകം പൂര്‍ത്തിയാക്കി തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് കോണ്‍ക്രീറ്റിങ്ങിനായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന് കെഎസ്ടിപിക്ക് കൈമാറുമെന്ന് പൊതുമരാമത്തുവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനപാതയില്‍ മാപ്രാണം കരുവന്നൂര്‍ ഭാഗത്തെ പ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിനായി മാപ്രാണംനന്തിക്കര റോഡിന്റെ ബിഎംബിസി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുമരാമത്തുവകുപ്പ് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നത്. ഇതിന്റെ മുന്നോടിയായി വൈദ്യുതിക്കാലുകള് നീക്കിസ്ഥാപിച്ചു.
നേരത്തേ ഒന്നര കിലോമീറ്ററോളം റോഡു നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതിക്കാലുകള് നീക്കാന്‍ വൈകിയതിനാല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അടിയന്തരമായി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. നവംബര്‍ പതിനൊന്നോടെ ആരംഭിച്ച് 30 ഓടെ പൂര്‍ണമായും ബിഎംബിസി ടാറിടല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നബാര്‍ഡ് ട്രാഞ്ചേ 28 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.30 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്.
2023 ജൂലായ് അവസാനത്തിലാണ് റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനപാതയില്‍ മാപ്രാണം സെന്ററില്നിന്നാരംഭിച്ച് പറപ്പൂക്കര പഞ്ചായത്തിലൂടെ കടന്ന് നന്തിക്കര ദേശീയപാത 544ല്‍ അവസാനിക്കുന്ന റോഡിന് 8.45 കിലോമീറ്റര്‍ ദൂരമുണ്ട്.
നിലവില്‍ 5.50 മീറ്റര്‍ വീതിയുള്ള ഈ റോഡിനെ ഏഴുമീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മിക്കുന്നത്.
ഇന്നു മുതല്‍
ഗതാഗതനിയന്ത്രണം
ഇരിങ്ങാലക്കുട: തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ക്കായി മാപ്രാണം ജംഗ്ഷന്‍മുതല്‍ ക്രൈസ്റ്റ് കോളജ് റോഡുവരെ റോഡ് പൊളിക്കുന്ന പ്രവൃത്തികള്‍ ഇന്നു ആരംഭിക്കും. ഇതിന്റെ ഭാഗമായി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെഎസ്ടിപി അറിയിച്ചു.
മാപ്രാണം ജംഗ്ഷന് മുതല്‍ റോഡിന്റെ കിഴക്കുഭാഗമാണ് ആദ്യഘട്ടത്തില്‍ പൊളിക്കുന്നത്. ഇരിങ്ങാലക്കുട സ്റ്റാന്‍ഡില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്കും മാപ്രാണം നന്തിക്കര വഴി പുതുക്കാട് ഭാഗത്തേക്കും പോകുന്ന ബസുകളും വാഹനങ്ങളും സിവില്‍ സ്റ്റേഷന്, പൊറത്തിശേരി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം.
തൃശൂര്‍ ഭാഗത്തുനിന്നും പുതുക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റോഡിന്റെ പടിഞ്ഞാറുഭാഗത്തുകൂടി പോകേണ്ടതാണെന്നും കെഎസ്ടിപി അറിയിച്ചു.