പ്രഫ. മാമ്പുഴ കുമാരന് ഇനി ഓര്മ വിടനല്‍കിയത് ഔദ്യോഗികബഹുമതികളോടെ
1465480
Thursday, October 31, 2024 11:06 PM IST
ഇരിങ്ങാലക്കുട: മലയാളസാഹിത്യ നിരൂപണരംഗത്തും ഇരിങ്ങാലക്കുടയിലെ സാംസ്കാരികരംഗത്തും ആറു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രഫ. മാമ്പുഴ കുമാരന് ഇനി ഓര്മ. നിറകണ്ണുകളോടെയാണ് സര്‍ക്കാരിനുവേണ്ടി ശിഷ്യകൂടിയായ മന്ത്രി ഡോ. ആര്. ബിന്ദു അന്തിമോപചാരം അര്‍പ്പിച്ചത്. സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനട എംജി റോഡിലെ വരദ എന്ന വീട്ടിലാണ് രാവിലെ പതിനൊന്നരയോടെ സംസ്കാരചടങ്ങുകള്‍ നടന്നത്. കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രഫ. മാമ്പുഴ കുമാരന് വിടനല്‍കിയത്. മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാഹു ജില്ലാ കളക്ടര്ക്കുവേണ്ടിയും കവി രാവുണ്ണി സാഹിത്യ അക്കാദമിക്കുവേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, അശോകന് ചരുവില്‍, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. കെ.എ. ഗോപി തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിച്ചു.