കാട്ടാനഭീതിയൊഴിയാതെ മരോട്ടിച്ചാൽ
1465295
Thursday, October 31, 2024 2:22 AM IST
തൃശൂർ: മരോട്ടിച്ചാൽ ചീരക്കുണ്ട് വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെരാത്രിയാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളച്ചാട്ടത്തിനോടുചേർന്നുള്ള റബർ തോട്ടത്തിലെ ആറുതെങ്ങുകൾ കാട്ടാനകൾ മറിച്ചിട്ടു.
മാന്ദാമംഗലം മരോട്ടിച്ചാൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. ഈമാസം രണ്ടാംവാരം മരോട്ടിച്ചാലിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏഴുദിവസമാണ് വിഹരിച്ചത്. ചീരക്കുണ്ട് മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചു. മൂന്നുമുതൽ ഏഴുവരെ ആനകളാണ് സ്ഥിരമായി മേഖലയിൽ ഇറങ്ങുന്നത്. ചുള്ളിക്കാവ്, ചീരക്കുണ്ട്, വല്ലൂര്‍ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായി തുടരുന്നതെന്ന് വാർഡ് മെംബർ അരോഷി പറഞ്ഞു. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച ഫെൻസിംഗിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്.
ചുള്ളിക്കാവ് മുതൽ വല്ലൂർ വരെ ആറുകിലോമീറ്റർ വരെയാണ് ഫെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത്. കൃത്യമായി മെയിന്റനന്‍സ് ചെയ്യാത്തതുമൂലം ഫെൻസിംഗിന്റെ ബാറ്ററിചാർജ് ഇറങ്ങിപ്പോയനിലയിലാണ്. നാട്ടുകാരുടെയും വാർഡ് മെംബറുടെയും പരാതിയെ തുടർന്ന് ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചിരുന്നുമെങ്കിലും തുടർനടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.