ഇവിടെയുണ്ട്.... ഒരു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ
1465288
Thursday, October 31, 2024 2:22 AM IST
തൃശൂർ: ഉറ്റവരും ഉടയവരുമായവരെ പരിചരിക്കാൻവേണ്ടി ഹോം നഴ്സിനെ തേടി അലയുന്നവരാണോ നിങ്ങൾ? അതോ ഹോട്ടലിൽ നല്ലൊരു സപ്ലയറാണാ ആവശ്യം? രണ്ടിനും കഴിയുന്നവരെ തേടിയലയുന്നവർക്ക് ഒരുനിമിഷം മാറിച്ചിന്തിക്കാൻ കഴിയുന്ന ഇന്റർനെറ്റ് കണ്ട്രോൾഡ് റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് ആളൂർ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥികളായ ആഞ്ചലോ ബിജുവും ആവ്ലിൻ കെ. ജോബിയും.
ഹയർസെക്കൻഡറി വിഭാഗം വർക്കിംഗ് മോഡലിലാണ് എഎ നോവ എന്ന പേരിലുള്ള റോബോട്ടിനെ ഇവർ നിർമിച്ചത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലത്ത് മനുഷ്യർക്കു രോഗബാധിതരായ വ്യക്തികളെ സമീപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നേരിട്ടു മനുഷ്യസന്പർക്കമില്ലാതെ മരുന്നുകളും ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു പരിചരണം നൽകാൻ ഈ റോബോട്ടിനു കഴിയും. റസ്റ്റോറന്റുകളിൽ ഭക്ഷണവിതരണക്കാരനായും ഓഫീസുകളിൽ അസിസ്റ്റന്റായും കുട്ടികളുടെ കൂട്ടാളിയായും സ്കൂളുകളിലെ സപ്പോർട്ട് സ്റ്റാഫായും പ്രവർത്തിക്കാൻ കഴിവുള്ള റോബോട്ട് 4000 രൂപ ചെലവിലാണ് ഇവർ നിർമിച്ചത്. കോണ്ഷീറ്റും ഇൻബിൽട്ട് കാമറയും അടക്കമുള്ള വസ്തുക്കൾകൊണ്ടു നിർമിച്ച റോബോട്ടിനെ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും നിയന്ത്രിക്കാൻ കഴിയുമെന്നു വിദ്യാർഥികൾ പറഞ്ഞു.