കടമ്പോട് മൂപ്പത്താഴംകടവിലെ നടപ്പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണം
1465297
Thursday, October 31, 2024 2:22 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് മൂപ്പത്താഴത്തുള്ള നടപ്പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു. പഞ്ചായത്തിലെ 12, 14 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പാലം വാഹനഗതാഗതം സാധ്യമാകുന്ന വിധത്തില്‍ പുനര്‍നിര്‍മിച്ചാല്‍ കടമ്പോട്്, കുട്ടിച്ചിറ,മോനൊടി, മുട്ടത്തുകുളങ്ങര പ്രദേശങ്ങളിലുള്ളവര്‍ക്ക് കോടാലി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.
നിലവില്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് തേമാലി ഗ്രാമത്തിലേക്ക് എത്തിപെടാന്‍ കോടാലി വഴി കിലോമീറ്ററുകള്‍ ചുറ്റിവളയണം. ഒരു കാലത്ത് കവുങ്ങിന്തടികള് ചേര്‍ത്തുകെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പാലത്തെ ആശ്രയിച്ചാണ് ഇവിടെ നാട്ടുകാര്‍ തോടിനു കുറുകെ കടന്നിരുന്നിരുന്നത്.
നാട്ടുകാരുടെ ദുരിതം കണക്കിലെടുത്ത് മൂന്നു പതിറ്റാണ്ട് മുമ്പാണ് ഇവിടെ കോണ്‍ക്രീറ്റ് നടപ്പാലം നിര്‍മിച്ചത്.
കടമ്പോട് പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് തോടിനക്കരെയുള്ള പാടശേഖരത്തിലേക്ക് കാര്‍ഷികോപകരണങ്ങളും വളവും മറ്റും കൊണ്ടുവരുന്നതിനും കോടാലി, കിഴക്കേ കോടാലി, നിലംപതി പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിചേരാനും നടപ്പാലം സഹായകമായി. എന്നാല്‍ വീതികുറഞ്ഞ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലേയും ഒറ്റയടിപാതകള്‍ വാഹനഗതാഗതത്തിന് അനുയോജ്യമായ വിധത്തില്‍ വീതി കൂട്ടി വികസിപ്പിക്കപ്പെട്ടെങ്കിലും ഇടുങ്ങിയ പാലം ഇപ്പോഴും സുഗമമായ യാത്രക്ക് വിലങ്ങുതടിയായാണ്.