കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതാകും ഉപതെരഞ്ഞെടുപ്പുഫലമെന്ന് ഐഎന്‍ടിയുസി
1465092
Wednesday, October 30, 2024 6:46 AM IST
ചേലക്കര: തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേയുള്ള താക്കീതായിരിക്കും ഉപതെരഞ്ഞെടുപ്പുഫലമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. ചേലക്കര ജാനകിറാം ഓഡിറ്റോറിയത്തില്‍ നടന്ന ഐഎന്‍ടിയുസി ചേലക്കര നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവര്ഗപാര്ട്ടിയെന്നു പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞ് തൊഴിലെടുക്കുന്നതിനുവരെ ജിഎസ്ടി ചുമത്തുന്ന സ്ഥിതിയിലാണ് നരേന്ദ്ര മോദി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളെ സഹായിക്കേണ്ട സര്‍ക്കാരുകള്‍ അദാനിയെപ്പോലെയുള്ളവരുടെ അവകാശസംരക്ഷണത്തിനായി പോരാടുന്നതാണ് കാണാന്‍ കഴിയുന്നതെന്നും ചന്ദ്രശേഖരന് പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി മുഖ്യാതിഥിയായി. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. കൃഷ്ണന് അധ്യക്ഷതവഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. പി.നിയാസ്, ഇ. വേണുഗോപാലമേനോന്, വി.എ. പ്രസാദ്, പി.കെ. മോഹന്‍ദാസ്, മിനി ജനാര്ദനന്, രജനി സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകൻ