ഹോസ്പിറ്റൽ ഓണ്‍ വീൽസ് പദ്ധതി മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു
1465088
Wednesday, October 30, 2024 6:45 AM IST
തൃശൂർ: ഗ്രാമീണപ്രദേശങ്ങളിലേക്ക് ആരോഗ്യസേവനം വ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ജൂബിലി മിഷൻ ആശുപത്രി തുടക്കംകുറിച്ച ഹോസ്പിറ്റൽ ഓണ്‍ വീൽസ് പദ്ധതിയുടെ ഫ്ലാഗ് ഓഫ് നടി മഞ്ജു വാര്യർ നിർവഹിച്ചു.
ഒരേസമയം ആറുപേർക്കു ചികിത്സനൽകാനും മൂന്നുപേർക്കു രക്തദാനം നടത്താനും മരുന്നും രക്തവും സൂക്ഷിക്കാനുള്ള സൗകര്യവും മൊബൈൽ ക്ലിനിക്കിലുണ്ട്. അടിസ്ഥാന ആരോഗ്യപരിശോധന - രോഗനിർണയസംവിധാനങ്ങളും ഇസിജി മെഷീൻ, മൾട്ടിപാരാ മോണിറ്റർ, മറ്റു സ്ക്രീനിംഗ് ഉപകരണങ്ങൾ എന്നിവയും സജ്ജമാണ്.
മൊബൈൽ യൂണിറ്റിൽ രണ്ടു ഡോക്ടർമാരുടെ സേവനമുണ്ടാകും. മൂന്നുപേർക്കു രക്തം നൽകാനും ഇവ വാഹനത്തിൽ സൂക്ഷിക്കാനും കഴിയും. മിനി ലാബ്, ഇന്റഗ്രൽ കണ്സൾട്ടേഷൻ ഫെസിലിറ്റി എന്നിവയുമുണ്ട്. ആരോഗ്യ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സൗകര്യം ഉണ്ട്.
ജോസ് ആലുക്കാസ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ജോസ് ആലുക്കാസിന്റെ 80-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് സഹായത്തോടെയാണ് ഒരു കോടി രൂപയോളം ചെലവുവരുന്ന അത്യാധുനിക മൊബൈൽ യൂണിറ്റ് സജ്ജമാക്കിയതെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, അസി. ഡയറക്ടർ ഫാ. സിന്റോ കാരേപറന്പൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ എന്നിവർ പറഞ്ഞു.
ക്യാന്പുകൾ നടത്താൻ താത്പര്യമുള്ളവർ ജൂബിലിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 8593841000. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോണ്‍ ആലുക്കാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.