ആൽത്തറ ക്ഷേത്രമോഷണം: പ്രതി പിടിയിൽ
1465086
Wednesday, October 30, 2024 6:45 AM IST
പുന്നയൂർക്കുളം: ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടത്തിയകേസിൽ പ്രതി പിടിയിൽ. മല്ലാട് കുരഞ്ഞിയൂർ പുതുവീട്ടിൽ മനാഫി (45) നെയാണ് ഗുരുവായുർ എസിപി എം. കെ. ബിജുവിന്റെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുടയിലെ വാടക വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 13ന് പുലർച്ചെയാണ് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിതുറന്ന് മോഷണം നടന്നത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഗോളകയും ഭണ്ഡാരത്തിൽ നിന്ന് പണവും നഷ്ടപ്പെട്ടിരുന്നു.
അന്നുതന്നെ ആൽത്തറ നാലപ്പാട്ട് റോഡ് എടക്കാട്ട് ബാബുവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കും,ആറ്റുപുറത്തെ മറ്റൊരു വീട്ടിൽ നിന്ന് സൈക്കിളും മോഷണം പോയിരുന്നു. പിന്നീട് സൈക്കിൾ ഉപേക്ഷിച്ച് ബൈക്കിൽ എത്തിയാണ് മോഷണം നടത്തി കടന്നുകളഞ്ഞതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.പ്രതിയെ ക്ഷേത്രങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ് .
പുന്ന ക്ഷേത്രം ഓഫീസിൽ
ചാവക്കാട്: പുന്നക്ഷേത്ര ഓഫിസിൽ നിന്ന് ആറു പവന്റെ സ്വർണാഭരണങ്ങളും പണവും മറ്റും മോഷ്ടിച്ചത് മനാഫാണെന്ന് ചാവക്കാട് പോലീസ് അറിയിച്ചു. വടക്കേക്കാട് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ചാവക്കാട് പോലീസ് കസ്റ്റഡിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ്പറഞ്ഞു. തൊണ്ടിമുതൽ കണ്ടെത്തിയെന്നും അറിയിച്ചു.