ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമൊകെയർ പ്രവർത്തനം ആരംഭിച്ചില്ല
1465105
Wednesday, October 30, 2024 6:46 AM IST
ചാലക്കുടി: താലൂക്ക് ആശുത്രിയിലെ ട്രോമ കെയർ യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. ട്രോമ കെയർ കെട്ടിടത്തിനനാവശ്യമായ ലിഫ്റ്റ്, അഗ്നി സുരക്ഷാ സംവിധാനങ്ങള്‍, പൂർത്തീകരിക്കാനുള്ള വൈദ്യുതീകരണ ജോലികൾ തുടങ്ങിയവ ഇനിയും പൂർത്തീകരിച്ചില്ല. മെഡിക്കല്‍ ഓഫീസര്‍, ജനറല്‍ സര്ജന്, ഇഎന്‍ടി സര്ജന് ഉള്‍പ്പെടെ ട്രോമ കെയർ പ്രവർത്തനങ്ങൾക്കാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുവാനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.
ട്രോമകെയര്‍ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഓപ്പറേഷന് തീയറ്ററിന്റെ പണിയും രണ്ടാം നിലയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ പുറത്തുള്ള പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ട്രോമൊകെയർ കെട്ടിടത്തിൽ ഇപ്പോൾ ആശുപത്രിയിലെ അത്യാഹിതം വിഭാഗം മാത്രമാണു പ്രവർത്തിക്കുന്നത്. രണ്ടുവർഷം മുൻപ് ഉദ്ഘാടനം നടത്തിയ ശേഷം ആരോഗ്യമന്ത്രി ആശുപത്രിസന്ദർശിച്ചപ്പോൾ ജനപ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്.