വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലെ സംയുക്ത തിരുനാളിന് ഇന്നു കൊടിയേറും
1465534
Friday, November 1, 2024 1:53 AM IST
കാഞ്ഞാണി: വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലെ സംയുക്ത തിരുനാൾ ഇന്നു മുതൽ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പള്ളി വികാരി ഫാ. പ്രതീഷ് കല്ലറക്കൽ, ജനറൽ കൺവീനർ ടി.പി. സണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് വൈകീട്ട് 5.30ന് ഇടവ വികാരി കൊടിയേറ്റം നടത്തി തുടക്കംകുറിക്കും. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 70 കുടുംബങ്ങൾക്ക് 10 കിലോ അരിവീതംനൽകും. എട്ടുവരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രസുദേന്തിവാഴ്ച, അടിമസമർപ്പണം, നേർച്ച വഴിപാട്, നേർച്ച ഭക്ഷണം എന്നിവ നടത്തും. എട്ടിന് രാത്രി ഏഴിന് ദീപലങ്കാരത്തിന്റെ സ്വിച്ച്ഓണും വാദ്യമേളവും നടക്കും.
ഡയാലിസിന് രോഗികൾക്ക് സഹായം നൽകും. ഒമ്പതിന് വൈകീട്ട് അഞ്ചിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ ശുശ്രൂഷയും ആറ് യൂണിറ്റുകളിൽനിന്നുള്ള അമ്പുവരവും കിരീടം എഴുന്നള്ളിപ്പും നടക്കും. തിരുനാൾദിനമായ 10ന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടത്തും. അന്നേദിവസം വൈകീട്ട് നാലിന് ദിവ്യബലിക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ബാന്ഡ് വാദ്യവും നടത്തും. 11ന് വൈകീട്ട് 5.30ന് ഇടവയിൽനിന്നു മൺമറഞ്ഞുപോയ പൂർവികരെ അനുസ്മരിച്ച് ദിവ്യബലിയും പ്രാർഥനയും വൈകീട്ട് ഏഴിന് ഇടവകയിലെ കലാകാരൻമാർ ഒരുക്കുന്ന സംഗീതസന്ധ്യയും അരങ്ങേറും.
17ന് എട്ടാമിടവും ഇടവകദിനവും സംയുക്തമായി ആഘോഷിക്കും. വിവിധതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. ഇടവകാംഗങ്ങളുടെ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജോർജ് താന്നിക്കൽ, പബ്ലിസിറ്റി കൺവീനർ പ്രിൻസ് പോൾ എന്നിവരും പങ്കെടുത്തു.