വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പുറമ്പോക്കുഭൂമി വീണ്ടെടുത്തു
1465535
Friday, November 1, 2024 1:53 AM IST
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാങ്കല്ലൂർ ജംഗ്ഷനു സമീപം ചാലക്കുടി റോഡിൽ വടക്കുംകര രജിസ്ട്രാർ ഓഫീസിനു മുന്നിലെ റോഡിനു സമാന്തരമായുള്ള പുറമ്പോക്കുഭൂമി ഒഴിപ്പിച്ചു. അഞ്ചുമീറ്ററോളം വീതിയിൽ 120 മീറ്ററോളം സ്ഥലമാണ് പോലീസ് സംരക്ഷണത്തോടെ പഞ്ചായത്ത് ഒഴിപ്പിച്ചത്.
സ്വകാര്യവ്യക്തികൾ വർഷങ്ങളോളം കൈവശംവച്ചിരുന്ന ഭൂമി പഞ്ചായത്ത് പുറമ്പോക്ക് ആണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷംമുൻപാണ് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യപ്രകാരം താലൂക്ക് സർവേയർ ഭൂമി അളന്നുതിട്ടപ്പെടുത്തി നോട്ടീസ് നൽകുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം റവന്യൂ, പഞ്ചായത്ത് അധികൃതർ നേതൃത്വം നൽകി ഒഴിപ്പിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ്് നിഷാ ഷാജി, സെക്രട്ടറി കെ. റിഷി, അസി. എൻജിനീയർ ഐശ്വര്യ, വടക്കുംകര വില്ലേജ് ഓഫീസർ സീന, സെക്ഷൻ ചുമതലയിലുള്ള നിയാസ്, ഓവർസിയർ ഷെമീർ, ഇരിങ്ങാലക്കുട എസ്ഐ ക്ലീറ്റസ്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതിയംഗം ജിയോ ഡേവിസ്, പഞ്ചായത്ത് അംഗം ടി.കെ. ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.