ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ...
1465285
Thursday, October 31, 2024 2:22 AM IST
തൃശൂർ: മണ്ണിടിച്ചിൽ മുൻകൂട്ടി അറിയുന്നതിനും വലിയ ദുരന്തം ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴിയൂർ സെന്റ് ജോർജസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ ഒരുക്കിയ വർക്കിംഗ് മോഡൽ ശ്രദ്ധേയം. ഇനിയൊരു വയനാട് ദുരന്തം ഉണ്ടാകരുതേ എന്ന ആശയവുമായി പ്ലസ് ടു വിദ്യാർഥികളായ സി.ജെ. ശേബയും സി.ബി. ബിൽസ മരിയയുമാണ് ഐഒടി ബേസ്ഡ് ലാൻഡ്സ്ലൈഡ് മോണിറ്ററിംഗ് സിസ്റ്റം എന്ന പേരിലുള്ള കണ്ടുപിടിത്തവുമായി ശാസ്ത്രമേളയിൽ എത്തിയത്.
പാരിസ്ഥിതികസാഹചര്യങ്ങളുടെ തത്സമയനിരീക്ഷണത്തിലൂടെ മണ്ണിടിച്ചിലിന്റെ അപകടസാധ്യത നേരത്തേ കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമായി രൂപകല്പന ചെയ്തിട്ടുള്ള സംവിധാനം നൂതന സെൻസർ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, പ്രതിരോധനടപടികൾക്കും ദുർബലമായ പ്രദേശങ്ങളിൽ സുരക്ഷ മെച്ചപ്പെടുത്താനും കഴിയുന്ന നിർണായക ഡാറ്റ നൽകാനും കഴിയുംവിധമാണ് നിർമിച്ചിരിക്കുന്നത്.
നോഡുകൾ സ്ഥാപിച്ച് എത്ര വലിയ പ്രദേശവും വിശകലനംചെയ്യാൻ സാധിക്കുന്ന ഇവ സോളാർ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണെന്നും വിദ്യാർഥിനികൾ പറഞ്ഞു.