ഗതാഗത വകുപ്പിന്റെ എയർഹോൺ "കൂട്ടക്കുരുതി'
1601806
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്ത അമിത ശബ്ദത്തിൽ മുഴങ്ങുന്ന എയർഹോണുകൾ മോട്ടോർ വാഹനവകുപ്പ് റോഡ് റോളർ കയറ്റി നശിപ്പിച്ചു.
ഇന്നലെ തൊടുപുഴയിലാണ് എയർഹോണുകൾ നശിപ്പിച്ചത്. വാഹനങ്ങൾ പരിശോധിച്ച് എയർഹോണുകൾ പിടിച്ചെടുക്കണമെന്നും ഇവ റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. ഇതുസംബ ന്ധിച്ച ഗതാഗതമന്ത്രിയുടെ ഉത്തരവാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയത്.
കഴിഞ്ഞ 13 മുതൽ 19 വരെയായിരുന്നു വാഹനങ്ങളിലെ എയർഹോണ്‍ കണ്ടെത്തുന്നതിനായി മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയിൽ ജില്ലയിൽ 96 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തു. രണ്ടു ലക്ഷം രൂപ പിഴ ചുമത്തി.
സ്വകാര്യ ബസുകൾ, കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങൾ, ഗുഡ്സ് വാഹനങ്ങൾ തുടങ്ങി ഹെവി വാഹനങ്ങളിൽനിന്നാണ് എയർഹോണുകൾ പിടികൂടിയത്.
പരിശോധനകൾ പൂർത്തിയായതിനു പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്ത ഹോണുകൾ ഇന്നലെ രാവിലെ തൊടുപുഴ പുഴയോരം ബൈപാസിൽ നിരത്തിവച്ച് റോഡ് റോളർ കയറ്റി നശിപ്പിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ച് ഓഫീസിലേക്കു മാറ്റി.