കെട്ടിടങ്ങൾ ഉപാധിരഹിതമായി ക്രമവത്കരിക്കണം: ജോയി വെട്ടിക്കുഴി
1601090
Sunday, October 19, 2025 11:21 PM IST
കട്ടപ്പന: നിലവിലെ നിയമങ്ങൾ പാലിച്ചും നികുതികൾ അടച്ചും നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ 2019 ഓഗസ്റ്റ് 22ന് നിയമവിരുദ്ധമാക്കി ഇറക്കിയ റവന്യു സെക്രട്ടറിയുടെ ഉത്തരവ് പിൻവലിച്ച് സംസ്ഥാനത്ത് നിലവിലുള്ള നിയമവും തദ്ദേശ സ്ഥാപനങ്ങളുടെ നടപടികൾക്കു വിധേയമായും നടത്തിയിട്ടുള്ള മുഴുവൻ നിർമാണങ്ങളും ഉപാധിരഹിതമായി ക്രമവത്കരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
സർക്കാരിന്റെ വിവരക്കേടിന് ജനങ്ങൾ പിഴയടയ്ക്കണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗസ്ഥ പീഡനവും സർക്കാർ കൊള്ളയും ലക്ഷ്യമാക്കിയുള്ള ചട്ട ഭേദഗതിയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തുല്യമായ ജില്ലയിലെ കെട്ടിടസമുച്ചയങ്ങൾ കെട്ടിടത്തിന്റെ വിസ്തൃതിയോ ബിസിനസിന്റെ സ്വഭാവമോ പരിഗണിക്കാതെ ഒരു ശതമാനം പിഴ ഈടാക്കി ക്രമവത്്കരിക്കാമെന്ന് പറയുന്പോൾ വ്യക്തികൾ 50 ശതമാനംവരെ പിഴ നൽകണമെന്ന വ്യവസ്ഥ ഗുരുതരമായ വിവേചനമാണ്.
ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിക്കാൻ അധികാരമുള്ള സർക്കാരിന് മുഴുവൻ നിർമാണങ്ങളെയും ഇതേ രീതിയിൽ ക്രമവത്കരിക്കാനും അധികാരമുണ്ട്.
കെട്ടിടങ്ങളില്ലാത്ത ഭൂമിക്ക് വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ പിഴയടയ്ക്കണമെന്ന സർക്കാർ നിർദേശം കരിനിയമമാണ്. ക്രമവത്്കരണം കഴിഞ്ഞാൽ ബാക്കി വരുന്ന സ്ഥലത്ത് കെട്ടിടം പണിയുന്നതു സംബന്ധിച്ച യാതൊരു വ്യവസ്ഥയും ചട്ടഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഒരാവശ്യത്തിന് ക്രമവത്കരിക്കുന്ന കെട്ടിടം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ യുക്തിരഹിതമാണ്.
നിയമാനുസൃതം നടത്തിയിട്ടുള്ള നിർമാണങ്ങളുടെ ക്രമവത്കരണത്തിന് അപേക്ഷ സ്വീകരിക്കാൻ പോലും സർക്കാരിന് ധാർമികമായി അവകാശമില്ല.
സർക്കാരിന്റെ തട്ടിപ്പിനും പിടിച്ചുപറിക്കുമെതിരേ ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും സമരപരിപാടികളെപ്പറ്റി ആലോചിക്കുന്നതിന് യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം നാളെ രാവിലെ 11ന് കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ ചേരുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.