വിറങ്ങലിച്ച് നെടുങ്കണ്ടം; ടൗണുകൾ മുങ്ങി, വാഹനങ്ങൾ ഒലിച്ചുപോയി
1600948
Sunday, October 19, 2025 6:30 AM IST
നെടുങ്കണ്ടം: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് നെടുങ്കണ്ടം മേഖല. വെള്ളിയാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കല്ലാർ പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് 300ഓളം വീടുകളിലും നൂറോളം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കൂട്ടാറിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയി. ഒരു ട്രാവലറും ഒരു ബൊലേറയും ഒരു കാറും രണ്ടു ബൈക്കുകളുമാണ് ഒഴുകിപ്പോയത്. വീടുകൾക്ക് മുന്പിൽ പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളിലും വെള്ളം കയറി.
ലക്ഷങ്ങളുടെ നഷ്ടം
വെള്ളിയാഴ്ച രാത്രി ഒൻപതോടെ പെയ്തു തുടങ്ങിയ മഴ അർധരാത്രിയോടെ അതിശക്തമാവുകയായിരുന്നു. ഇതിനിടെ, നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലും ഉണ്ടായി. പുലർച്ചെ കല്ലാർ പുഴയും ചെറുതും വലുതുമായ തോടുകളും കരകവിഞ്ഞൊഴികി. ഇതോടെ കൂട്ടാർ, തൂക്കുപാലം, മുണ്ടിയെരുമ, ബാലഗ്രാം, താന്നിമൂട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിനു വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ ഉണ്ടായത്. പുഴയും സമീപ റോഡുകളും പൂർണമായും നികന്നായിരുന്നു വെള്ളം ഒഴുകിയത്. ശനിയാഴ്ച പുലർച്ചെ 4.30ഓടെ കല്ലാർ ഡാമിന്റെ നാലു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തിയെങ്കിലും പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു.
ഭിത്തി പൊളിച്ച് രക്ഷിച്ചു
രാവിലെ 10 ന് ശേഷമാണ് ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത്.ഡാമിൽനിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പച്ചടിയിൽ ഓട്ടോറിക്ഷാ ഒഴുകിപ്പോയി. കല്ലാർ ഡാമിൽനിന്നുള്ള വെള്ളം ഒഴുകിയെത്തി ചിന്നാർ, ബഥേൽ ഭാഗങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. തൂവൽ വെള്ളചാട്ടത്തിന്റെ വ്യൂ പോയിന്റിലെ നടപ്പാലത്തിലും വെള്ളം കയറി. വെള്ളം ഉയർന്ന മേഖലകളിൽ കഴിഞ്ഞിരുന്നവരെ രാത്രിതന്നെ നാട്ടുകാർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നു. മുണ്ടിയെരുമയിൽ വീടിനുള്ളിൽ വെള്ളം കയറി വീട് പൂർണമായി മുങ്ങി. തുടർന്ന് ഭിത്തി പൊളിച്ചു വീട്ടുകാരെ വീടിനു മുകളിൽ എത്തിച്ച് നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു .
പാലങ്ങൾ ഒഴുകിപ്പോയി
കൂട്ടാറിൽനിന്ന് ഗ്രാമീണ മേഖലയായ അല്ലിയാറിലേക്കുള്ള ചപ്പാത്ത് പൂർണമായും തകർന്നു. വെള്ളപ്പൊക്കത്തിൽ നിരവധി ചെറു പാലങ്ങളും റോഡുകളും ഒലിച്ചു പോയി.
അന്യാർതൊളുവിൽ വളർത്തു മൃഗങ്ങൾ ഒഴുകിയപ്പോയി. പാറക്കടവിൽ ജോബിയുടെ 10 ലിറ്റർ പാലുള്ള പശുവും ഒഴുക്കിൽപ്പെട്ടു. നിരപ്പേൽ കടയിൽ അരയേക്കറോളം കൃഷി ഭൂമി നശിച്ചു. കൂട്ടാറിൽ ഒരു വീട് പൂർണമായും തകർന്നു. കൂട്ടാർ, തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട്, കോന്പയാർ എന്നിവിടങ്ങളിൽ വെള്ളം കയറി മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ചുറ്റും വെള്ളം നിറഞ്ഞതോടെ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു നിരവധി കുടുംബങ്ങൾ. പാന്പാടുംപാറയിലും സന്യാസിയോടയിലും മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചിരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പു കൂടി ലഭിച്ചതോടെ വലിയ ആശങ്കയിലാണ് നെടുംകണ്ടം, പട്ടം കോളനി മേഖലയിലുള്ളവർ.
കുമളി, വണ്ടിപ്പെരിയാർ മേഖലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
കുമളി: കനത്ത മഴയിൽ കുമളി, വണ്ടിപ്പെരിയാർ മേഖലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ദേശീയപാതയിൽ വണ്ടിപ്പെരിയാറിൽ വെള്ളം കയറി. മുല്ലപ്പെരിയാർ അണക്കെട്ട് സ്പിൽവേ തുറന്ന് പെരിയാറ്റിലേക്ക് ജലം ഒഴുക്കിയതോടെ പെരിയാറിന്റെ തീരുത്തുള്ള വീടുകളിൽ വെള്ളം കയറി.

കുമളിയിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. തോടുകൾ നിറഞ്ഞൊഴുകി കുമളി ടൗണ്, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാംമൈൽ, പെരിയാർ നഗർ എന്നിവിടങ്ങളിൽ പ്രളയവും നാശനഷ്ടങ്ങളുണ്ടായി. ഒന്നാം മൈലിലും കുമളി ടൗണിലും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഹോളിഡേ ഹോമിന് സമീപം വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11ഓടെ ഇവിടെ വെള്ളം ഉയരുകയായിരുന്നു. തോടുകൾ കവിഞ്ഞൊഴുകിയതും നീർച്ചാലുകൾ ഇല്ലാതായതുമാണ് പ്രശ്നം സൃഷ്ടിച്ചത്. ഹോളിഡേ ഹോമിൽ 40ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മേലേചിന്നാർ മേഖല വെള്ളത്തിൽ
മേലേചിന്നാർ: മേഖലയിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയ്ക്കൊപ്പം നെടുങ്കണ്ടം കല്ലാർ ഡാം തുറന്നതതോടെ മേലേചിന്നാർ മേഖല വെള്ളത്തിലായി. കല്ലാർമുക്ക്, ബഥേൽ, മേലേചിന്നാർ മേഖലകളിൽ വ്യാകമായ നാശനഷ്ടങ്ങൾ ഉണ്ടായി. കല്ലാർമുക്ക് പാലം, ബഥേൽ കുരിശടിപാലം എന്നിവയുടെ അപ്രോച്ചു റോഡുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യാപകമായി കൃഷി നാശവും സംഭവിച്ചു.