പുരപ്പുറം സൗരോർജ പദ്ധതി: സമ്മാനവിതരണവും രണ്ടാംഘട്ട ഉദ്ഘാടനവും
1601795
Wednesday, October 22, 2025 6:16 AM IST
ചെറുതോണി: ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി സവിത്ര് സോളാർ സൊലൂഷൻസ് പബ്ലിക് ലിമിറ്റഡ് കമ്പനിയുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കുന്ന പുരപ്പുറം സോളാർ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും സമ്മാനവിതരണവും ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിലൂടെ വിജയിയായ ജോണി നെടുംകല്ലേലിന് ഇലക്ട്രിക് സ്കൂട്ടറാണ് സമ്മാനമായി നൽകിയത്.
മറ്റ് ഉപഭോക്താക്കൾക്ക് 150 ലിറ്ററിന്റെ സോളാർ വാട്ടർ ഹീറ്ററുകളും സമ്മാനമായി നൽകി. ഒന്നാംഘട്ടത്തിൽ 25 പുരപ്പുറം സോളാർ പദ്ധതികൾ പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ ചെലവു കുറഞ്ഞ 1.7 കിലോവാട്ടിന്റെ പുരപ്പുറം സോളാർ പദ്ധതിയുടെ ലോഞ്ചിംഗ് ബിഷപ് നിർവഹിച്ചു.
1,37,000 രൂപ ചെലവ് വരുന്ന ഈ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് 52,000 രൂപ സബ്സിഡിയായി ലഭിക്കും. ഉപഭോക്താവ് മുടക്കേണ്ടി വരുന്നത് 85,000 രൂപയാണ്. ഈ തുകയ്ക്ക് കുറഞ്ഞ പലിശയിൽ വായ്പാ സൗകര്യവും ലഭ്യമാണ്.
എച്ച്ഡിഎസ് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, സവിത്ര് സോളാർ സൊല്യൂഷൻസ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് വെങ്കിലാട്ട്, ജിജി തോമസ്, വിലാസ് വർഗീസ്, അനുരാഗ്, തോമസ് ജോർജ്, ലിറ്റിൽ മരിയ, ബിജോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.