മൂലമറ്റം കോളജിലെ ടെക്ഫെസ്റ്റ് വേറിട്ട അനുഭവമായി
1601367
Monday, October 20, 2025 11:36 PM IST
അറക്കുളം: സെന്റ് ജോസഫ്സ് കോളജ് ഡേറ്റാ സയന്‍സ് വിഭാഗം സംഘടിപ്പിച്ച ടെക്ഫെസ്റ്റ് വേറിട്ട അനുഭവമായി.
കോളജ് മാനേജര്‍ റവ. ഡോ. തോമസ് പുതുശേരി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഡേറ്റാ സയന്‍സ് വിഭാഗം മേധാവി സിസ്റ്റര്‍ ഡോ. ജിന്‍സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ, ഗെയിം ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ വിവിധ പ്രദര്‍ശനങ്ങളും മത്സരങ്ങളും നടത്തി.
വിദ്യാര്‍ഥികള്‍ സ്വന്തമായി രൂപകല്പന ചെയ്ത വിവിധ തരത്തിലുള്ള റോബോട്ടുകളും പ്രദര്‍ശിപ്പിച്ചു.
ഹഗ്ഗിംഗ് റോബോട്ടിനെ സ്പര്‍ശിച്ചാല്‍ പാട്ട് പ്ലേ ചെയ്യുന്ന സംവിധാനം, മുന്നിലുള്ള തടസങ്ങളെ സെന്‍സര്‍ വഴി തിരിച്ചറിഞ്ഞ് സ്വയം ദിശ മാറ്റി മുന്നോട്ട് നീങ്ങുന്ന റോബോട്ട്, ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനത്തിലുള്ള റോബോട്ട്, സുരക്ഷാമേഖലയില്‍ നിര്‍ണായകമായി റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോഹങ്ങള്‍ കണ്ടെത്തുന്ന റോബോട്ട് എന്നിവയെല്ലാം വിദ്യാര്‍ഥികളുടെ സാങ്കേതികജ്ഞാനം വെളിപ്പെടുത്തുന്നതായി.
സമാപനയോഗം കോളജ് സിഎഫ്ഒ റവ.ഡോ. അലക്സ് ലൂയിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.