വിരിപ്പാറയ്ക്കടുത്ത് മിനിബസ് മറിഞ്ഞു
1601087
Sunday, October 19, 2025 11:21 PM IST
അടിമാലി: കല്ലാര്‍ - മാങ്കുളം റോഡില്‍ മാങ്കുളം വിരിപ്പാറയ്ക്ക് സമീപം ടൂറിസ്റ്റുകളുമായി വന്ന മിനിബസ് പാതയോരത്തേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. തമിഴ്നാട് തിരുപ്പൂരില്‍നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടന്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ ഉണ്ടായിരുന്ന 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലിയിലെ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. വാഹനത്തിനിടയില്‍ കുടുങ്ങിയവരെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പുറത്തെടുത്തത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.