യാത്രക്കാരുടെ പേടിസ്വപ്നമായി ശങ്കരപ്പള്ളി വളവ്
1601370
Monday, October 20, 2025 11:36 PM IST
മുട്ടം: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ മുട്ടം ശങ്കരപ്പള്ളി മേഖലയില്‍ അപകടങ്ങള്‍ പതിവാകുന്നു. ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങളില്‍ നിരവധി ജീവന് പൊലിയുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്കു മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം രണ്ടു പേരാണ് മരിച്ചത്. വെങ്ങല്ലൂര്‍ കരടിപ്പറമ്പില് ആമിന ബീവി (58), കൊച്ചുമകള്‍ മിഷേല്‍ മറിയം (4 മാസം) എന്നിവരാണ് മരിച്ചത്. മിഷേലിന്റെ പിതാവും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ കെ.എസ്. ഷാമോന്, ഭാര്യ ഹസീന (29), ഇവരുടെ മകള്‍ നാലു വയസുകാരി ഐഷ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊടുപുഴ ഭാഗത്തേക്കുവന്ന കാര്‍ ശങ്കരപ്പിള്ളി പാലത്തിന് സമീപം നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചശേഷം താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ശങ്കരപ്പള്ളി പാലവും പാലത്തോടു ചേര്‍ന്നുമുള്ള പ്രദേശവും നിരന്തര അപകട മേഖലയാണ്. ഇടത്തോട്ടും വലത്തോട്ടുമുള്ള വളവുകളും വീതി കുറവും പാലവും കൂടിച്ചേരുന്നിടത്താണ് അപകടം കൂടുതലായുണ്ടാകുന്നത്. ഏതാനും നാളുകള്‍ക്കുള്ളില്‍ പത്ത് അപകടങ്ങളാണ് ഈ പ്രദേശത്ത് മാത്രം സംഭവിച്ചിട്ടുള്ളത്. നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാർക്കു ഗുരുതര പരിക്കേറ്റത് മാസങ്ങള്‍ക്ക് മുമ്പാണ്. പിന്നീട് പിക്കപ്പ് ജീപ്പിടിച്ചും അപകടമുണ്ടായി. ഇതിന് മുന്‍പ് ട്രാവലറും അപകടത്തില്‍പ്പെട്ടു.
റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടം തുടര്‍ക്കഥയാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴ പെയ്യുന്നതോടെ മിനുസമുള്ള റോഡില്‍ വാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടാനുള്ള സാധ്യതയേറെയാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതോടെയാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. ഇതിനിടെ അപകടങ്ങള്‍ വര്‍ധിച്ചതോടെ പൊതുമരാമത്ത് വകുപ്പ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നു.
ഇത് അജ്ഞാത വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തതോടെ മുന്നറിയിപ്പ് സിഗ്നല്‍ സംവിധാനവും സ്ഥാപിച്ചു. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിച്ചെങ്കിലും അപകടത്തിന് കുറവു വന്നിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉള്‍പ്പെടെയുള്ള അധികൃതരടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.