മന്ത്രിസഭാ തീരുമാനം പട്ടയക്കെട്ടഴിക്കുമോയെന്ന് ഇടതുനേതാക്കൾ വ്യക്തമാക്കണം: ബിജോ മാണി
1601089
Sunday, October 19, 2025 11:21 PM IST
കട്ടപ്പന: കോടതി തടഞ്ഞ ജില്ലയിലെ പട്ടയ നടപടികൾ മന്ത്രിസഭാ തീരുമാനം കൊണ്ട് നടപ്പാക്കാനാകുമൊ എന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ ഇടതു നേതാക്കളും വ്യക്തമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പട്ടു.
കട്ടപ്പനയിലേതടക്കമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ മന്ത്രി സഭ അംഗീകാരം നൽകിയതായാണ് പറയുന്നത്. എല്ലാ തടസങ്ങളും നീക്കിയെന്നും ഷോപ്പ് സൈറ്റുകളുടെ പട്ടയവിതരണം ഉടൻ ആരംഭിക്കുമെന്നുമാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നുണ പ്രചാരണമാണിതെന്ന് വസ്തുതകൾ പരിശോധിച്ചാൽ വ്യക്തമാകും. സിഎച്ച്ആർ മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളിലാണ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ളത്.
ജില്ലയിൽ 26 വില്ലേജുകൾ സിഎച്ച്ആറിന്റെ പരിധിയിലാണ്. ഈ വില്ലേജുകളിലെ പട്ടയവിതരണം 2024 ഒക്ടോബർ 24ന് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. നാളിതുവരെ ഈ വിധി പുനഃപരിശോധിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി വിധി നിലനിൽക്കേ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ കഴിയില്ലന്നറിഞ്ഞുകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ കരുതിക്കൂട്ടി നടത്തിയ രാഷ്ട്രീയ നാടകമാണ് മന്ത്രിസഭാ തീരുമാനം.
ഷോപ്പ് സൈറ്റുകളുടെ പട്ടയവിതരണം ഇടതുസർക്കാർ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ 2016ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുക്കുകയും ഇതിനായി സർവേ നടത്തുന്നതിന് 1415/2016 റവ. നന്പറായി 2016 ഫെബ്രുവരി 22ന് ഉത്തരവ് ഇറക്കുകയും ചെയ്തതാണ്.
എന്നാൽ, തുടർന്നുവന്ന ഇടതുസർക്കാർ ആറു വർഷം വൈകിപ്പിച്ച് 2022 -23 കാലഘട്ടത്തിലാണ് സർവേ ആരംഭിച്ചത്.
ഷോപ്പ് സൈറ്റുകളിൽ പട്ടയം അനുവദിക്കാവുന്ന കടമുറികളുടെ വിസ്തീർണം എത്രവരെയാകാമെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കണമെന്ന് 2022 ജൂണ് 24 ന് ഇടുക്കി ജില്ലാ കളക്ടർ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്വീകരിക്കുന്നത് മൂന്നു വർഷം വൈകി കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ്. സർവേ നടപടികൾ നേരത്തേ നടത്തി തുടർനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമായിരുന്നു. കോടതി വിധി ഉണ്ടാകുമായിരുന്നില്ല.
ഓണത്തിന് മുൻപ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായതുപോലെ മന്ത്രിസഭാ തീരുമാനവും നടപ്പിലാക്കാൻ കഴിയാത്ത പ്രഖ്യാപനം മാത്രമാണ്. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ സിഎച്ച്ആറിലെ പട്ടയ വിതരണം തടഞ്ഞ 24-10-2024 ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ റിവ്യൂ ഹർജി നൽകണമെന്നും ബിജോ മാണി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.