ജില്ലാ സെക്രട്ടറിക്കെതിരായ പ്രചാരണം അസംബന്ധമെന്ന്
1601793
Wednesday, October 22, 2025 6:16 AM IST
ചെറുതോണി: ഇടുക്കി ഗവ. നഴ്സിംഗ് കോളജില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരായുള്ള പ്രചാരണം അസംബന്ധമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. ജില്ലാ കളക്ടറുടെ ചേംബറില്‍ കൂടാന്‍ നിശ്ചയിച്ചിരുന്ന യോഗം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റിയെന്ന് പ്രചരിപ്പിക്കുന്നത് സിപിഎമ്മനേയും ജില്ലാ സെക്രട്ടറിയേയും അപകീര്‍ത്തിപ്പെടുത്താനാണ്.
നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും പിടിഎ ഭാരവാഹികളും ജില്ലാ സെക്രട്ടറി, ഓഫീസില്‍ ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം നേരില്‍ക്കണ്ടു സംസാരിക്കാനായി വന്നതാണ്. ഇടുക്കി മെഡിക്കല്‍ കോളജ് വികസനസമിതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രതിനിധിയായി സിപിഎം ജില്ലാ സെക്രട്ടറിയെ നിയോഗിച്ച് സര്‍ക്കാര്‍ തീരുമാനം ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് കോളജ് അധികൃതർ ജില്ലാ സെക്രട്ടറിയെ കാണാനെത്തിയത്.
കഴിഞ്ഞ ആഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് താമസസൗകര്യം കണ്ടെത്താന്‍ സര്‍ക്കാര്‍ നോമിനികളായ സി.വി. വര്‍ഗീസ്, ഷിജോ തടത്തില്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പിടിഎ ഭാരവാഹികളും വിദ്യാര്‍ഥി പ്രതിനിധികളും ജില്ലാ സെക്രട്ടറിയെ കാണാനെത്തിയത്.
ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയതും ജില്ലാ സെക്രട്ടറി നേരിട്ട് ഇടപെട്ടാണ്. വിദ്യാധിരാജ സ്കൂള്‍ മാനേജ്മെന്റുമായി സി.വി. വര്‍ഗീസ് സ്വന്തം നിലയില്‍ എഗ്രിമെന്റ് വച്ചാണ് കെട്ടിടം എടുത്ത് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയത്.
ഇപ്പോള്‍ കണ്ടെത്തിയ ഹോസ്റ്റലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് പ്രതിനിധികള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പിടിഎ കമ്മിറ്റിയില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യം വച്ച് ജില്ലാ സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന വ്യാജ പ്രാചരണങ്ങള്‍ അപലപനീയമാണെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.