ജില്ലാ ക്ഷീരകർഷക സംഗമം ഇരട്ടയാറിൽ 24ന് തുടക്കം
1601803
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ ക്ഷീരകർഷക സംഗമം 24, 25 തീയതികളിൽ ഇരട്ടയാർ സെന്റ് തോമസ് പാരിഷ്ഹാളിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാങ്കുതൊട്ടി ക്ഷീര സഹകരണസംഘത്തിന്റെ ആതിഥേയത്വത്തിലാണ് സംഗമം നടത്തുന്നത്.
24നു രാവിലെ എട്ടിന് പതാക ഉയർത്തൽ, ഒന്‍പതിന് ഡെയറി എക്സ്പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. തുടർന്നു വിരമിച്ച ക്ഷീര സഹകരണസംഘം ജീവനക്കാരെ ആദരിക്കും. 9.30നു ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്യും. 10ന് ക്ഷീരസഹകരണ സംഘം പ്രതിനിധികൾക്കുള്ള ശില്പശാല. തുടർന്ന് ഡെയറി ക്വിസ്.
മൂന്നിന് ക്ഷീരസംഘം ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ക്ഷീരകർഷകരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള കലാകായിക മത്സരം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറു മുതൽ വിവിധ കലാപരിപാടികൾ.
25നു രാവിലെ 10നു പൊതുസമ്മേളനം ഉദ്ഘാടനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പാക്കുന്ന ക്ഷീരമേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സംസ്ഥാന ക്ഷീരകർഷക ക്ഷേമനിധി ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, എറണാകുളം മിൽമ മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള എന്നിവർ പ്രസംഗിക്കും.
25നു രാവിലെ ഒന്‍പതിന് പാലുത്പന്ന നിർമാണ പ്രദർശനവും വിപണനവും എന്ന വിഷയത്തിൽ കോലാഹലമേട് ബി ടെക് കോളജ് ഓഫ് ഡെയറി സയൻസ് ടീച്ചിംഗ് അസിസ്റ്റന്റ് കെ.എസ്. അനുഗ്രഹ ക്ഷീരവികസന സെമിനാർ നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ക്ഷീരമേഖലയ്ക്ക് കൂടുതൽ തുക വകയിരുത്തിയ ത്രിതല പഞ്ചായത്തുകളെ ആദരിക്കൽ, ജില്ലയിലെ മികച്ച കർഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും ആദരിക്കൽ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനം, മികച്ച ക്ഷീരസംഘം ജീവനക്കാർക്കുള്ള ആദരം, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും.
തുടർന്ന് കോലാഹലമേട് ഡെയറി സയൻസ് കോളേജ് അസി. പ്രഫ. ലിജിമോൾ ജയിംസ് മാലിന്യ സൂക്ഷ്മാണു ശാസ്ത്രം എന്ന വിഷയത്തിൽ സെമിനാർ നയിക്കും. ജില്ലയിലെ ഇരുനൂറോളം സംഘങ്ങളിൽനിന്ന് 1500-ഓളം ക്ഷീരകർഷകർ സംഗമത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.കെ. ജയൻ, ജനറൽ കണ്‍വീനർ ബെറ്റി ജോഷ്വ, ജോയിന്റ് കണ്‍വീനർമാരായ ജിസ ജോസഫ്, അഞ്ജു കുര്യൻ, പി. ശ്രീജിത്ത്, ജോണി മുണ്ടയ്ക്കാമറ്റത്തിൽ എന്നിവർ പങ്കെടുത്തു.