സിപിഎം ജില്ലാ ഓഫീസിലെ ഇടുക്കി ഗവ. നഴ്സിംഗ് കോളജ് യോഗം
1601800
Wednesday, October 22, 2025 6:16 AM IST
ചെറുതോണി: ഇടുക്കി ഗവ. നഴ്സിംഗ് കോളജിലെ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം സിപിഎം ജില്ലാ ഓഫീസിലേക്ക് മാറ്റിയ നടപടി അപലപനീയവും കേട്ടുകേൾവിയില്ലാത്തതുമാണെന്ന് കെ എസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പള്ളിൽ.
ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റിലോ മെഡിക്കൽ കോളജിലോ നടക്കേണ്ട യോഗം പാർട്ടി ഓഫീസിലേക്ക് മാറ്റിയത് അംഗീകരിക്കാനാവില്ല.
വിദ്യാർഥികളെയും പിടിഎ പ്രതിനിധികളയും സിപിഎം ജില്ലാ സെക്രട്ടറി അവഹേളിച്ചുവിട്ടത് ഇടുക്കി നഴ്സിംഗ് കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ മന്ത്രി റോഷി അഗസ്റ്റിനോടുള്ള വെല്ലുവിളിയാണെന്നും ജോൺസ് ജോർജ് ആരോപിച്ചു. പ്രശ്നങ്ങളിൽ വകുപ്പ് മന്ത്രി ഇടപെടണമെന്ന് കെഎസ്സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
നടപടി അപഹാസ്യം: റോയി കെ. പൗലോസ്
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരേണ്ട യോഗം പാർട്ടി ഓഫീസിൽ ചേരാൻ സിപിഎം ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതാരാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ, പിടിഎ പ്രസിഡന്റ്, പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗമാണ് കളക്ടർ വിളിച്ചത്.
എന്നാൽ ഈ യോഗം അദ്ദേഹത്തിന്റെ അഭാവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുകയായിരുന്നു. കളക്ടറും ഡിഎംഒയും ഇടപെട്ട് അടിയന്തരമായി പരിഹാരം കാണേണ്ട ഒരു വിഷയത്തിൽ അർഹതയില്ലാതെ യോഗം ചേരുകയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണ്.
ഉമ്മൻചാണ്ടി സർക്കാർ ജില്ലയ്ക്ക് സമ്മാനിച്ച മെഡിക്കൽ കോളജിനെ തകർക്കുന്ന സമീപനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ നൽകിയ ഉറപ്പുകൾ പാലിച്ച് നഴ്സിംഗ് കോളജിലെ വിദ്യാർഥികളുടെ പരാതികൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.