ഉപ്പുതറയിൽ പോക്കുവരവിന്റെ പോക്ക് തടഞ്ഞ് തഹസിൽദാർ
1601798
Wednesday, October 22, 2025 6:16 AM IST
ഉപ്പുതറ: ഉപ്പുതറയിലെ 12 സർവേ നമ്പരുകളിലെ പട്ടയഭൂമിയുടെ ആധാരം പോക്കുവരവ് ചെയ്യരുതെന്ന് വില്ലേജ് ഓഫീസർക്കു പീരുമേട് ഭൂരേഖാ തഹസിൽദാർ നിർദേശം നൽകി. സർവേ നന്പർ 338, 274/1, 274/2 , 274/3, 274/4. 274/5B ,274 /5 D , 274/6, 274/7, 274 /9. 274/10, 274 / 11 എന്നീ സർവേ നമ്പറുകളിലെ ഭൂമിയിലാണ് പോക്കുവരവ് തടഞ്ഞു വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്.
രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കട്ടപ്പന സബ് കോടതിയിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. രാജമാണിക്യം കമ്മീഷന്റെ റിപ്പോർട്ടിൻമേൽ വില്ലേജിലെ ആറ് സർവേ നമ്പറിലെ കരം സ്വീകരിക്കുന്നതു റവന്യൂ വകുപ്പ് നേരത്തേ തടഞ്ഞിരുന്നു. പീരുമേട് ടീ കമ്പനിയുടെ അടിയാധാരത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഇതെന്നും തോട്ടം ഉടമകളിൽനിന്നു കർഷകർ വിലയ്ക്കു വാങ്ങിയതാണെന്നും രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
വിനയായ പരാമർശം
ഇതു തോട്ടം ഭൂമി തരംമാറ്റിയതാണെന്നും റിപ്പോർട്ടിലുണ്ട്. തോട്ടവും തോട്ടം തരംമാറ്റിയ ഭൂമിയും സർക്കാർ തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ടിലെ ഈ പരാമർശമാണ് കർഷകർക്കു വിനയായത്.
എന്നാൽ, 115 വർഷം മുൻപ് കുടിയേറിയ കർഷകരാണ് ഇവിടെ താമസിക്കുന്നത്. രാജഭരണ കാലത്തെ ചെമ്പ് പട്ടയങ്ങൾ ഉൾപ്പെടെ ഈ പ്രദേശത്തുണ്ട്. മുമ്പ് എസ്റ്റേറ്റിനോടു ചേർന്നുകിടന്ന വിരിവ് പ്രദേശം കമ്പനിയുടെ അടിയാധാരത്തിൽ ഉൾപ്പെട്ടതാണ് പ്രശ്നമായത്.
ഈ ഭൂമിയും തോട്ടം ഭൂമിയായി കണക്കാക്കപ്പെട്ടു. രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിനെത്തുടർന്ന് ഈ സർവേ നമ്പറിലെ കരം സ്വീകരിക്കുന്നതു തടഞ്ഞ് 2015 ഫെബ്രുവരി 22ന് ലാൻഡ് റവന്യു സെക്രട്ടറി ഉത്തരവിട്ടു.
ഇതോടെ ഭൂമിയുടെ നിയമപരമായ എല്ലാ ക്രയവിക്രയങ്ങളും നിലച്ചു. നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കാതായി. വായ്പ എടുക്കാനോ പുതുക്കാനോ കഴിയാത്ത അവസ്ഥയാണ്.