മുട്ടം കോടതി റോഡ്: 48 മണിക്കൂർ എൻസിപി നിരാഹാര സമരം ഇന്ന്
1601804
Wednesday, October 22, 2025 6:16 AM IST
തൊടുപുഴ: മുട്ടം കോടതി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാഷണലിസ്റ്റ് ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷാജി തെങ്ങുംപിള്ളി മുട്ടം കോടതി ജംഗ്ഷനിൽ 48 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സമരം പാർട്ടി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. കോടതി റോഡ് തകർന്നിട്ടും അധികൃതരും ജനപ്രതിനിധികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതുമൂലം നൂറുകണക്കിന് അഭിഭാഷകരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.
ഐഎച്ച്ആർഡി സ്കൂൾ, കോളജ്, പോളിടെക്നിക് എന്നിവിടങ്ങളിലെ വിദ്യാർഥികളും ഇതുമൂലം ദുരിതത്തിലാണ്. കോടതിക്കുപുറമേ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ജില്ലാ ഹോമിയോ ആശുപത്രി, നിർമിതി കേന്ദ്രം, ഇടുക്കി വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ്, ജില്ലാ ജയിൽ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇവിടെയാണ് പ്രവർത്തിക്കുന്നത്.
റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലുള്ളവർ സമരത്തിന് പിന്തുണയുമായി എത്തുമെന്നും നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, സമരസമിതി കോ-ഓർഡിനേറ്റർ കെ.കെ. ഷംസുദീൻ, നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ബേബി വരിക്കമാക്കൽ, എൻസിപി ജില്ലാ പ്രസിഡന്റ് സിയാദ് പറന്പിൽ, ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ പാറയിൽ എന്നിവർ പങ്കെടുത്തു.