നെടുങ്കണ്ടം ബി എഡ് കോളജിന്റെ ഇന്റഗ്രേറ്റഡ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടന്നു
1574137
Tuesday, July 8, 2025 9:36 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ബിഎഡ് കോളജിന്റെ പുതിയ ഇന്റഗ്രേറ്റഡ് ബ്ലോക്ക് കെട്ടിടസമുച്ചയത്തിന്റെ തറക്കല്ലിട്ടു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴില്‍ ജില്ലയില്‍ ആരംഭിച്ച ആദ്യ ബിഎഡ് കോളജാണ് നെടുങ്കണ്ടത്തേത്. 1992 മുതല്‍ യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനം റീജണല്‍ കോളജ് എന്ന പദവിയിലേക്ക് ഉയര്‍ത്തി.
ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി പാസിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ബിഎഡ് കോളജുകള്‍ നാക് അക്രഡിറ്റേഷന് നേടി ഇന്റഗ്രേറ്റഡ് പദവിയിലേക്ക് മാറണം. ഇതിനായി പുതിയ കെട്ടിട സമുച്ചയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് എം.എം. മണി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് കെട്ടിട നിര്‍മാണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചത്.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എം.എം. മണി എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു. കോളജ് ഡെവലപ്മെന്റ് കമ്മിറ്റി ചെയര്മാന് പി.എന്‍. വിജയന് അധ്യക്ഷത വഹിച്ചു. സി പാസ് ഡയറക്ടര്‍ പി. ഹരികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. രാജീവ് പുലിയൂര്, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍, കോളജ് ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.