ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിരോധനം
1573852
Monday, July 7, 2025 11:19 PM IST
തൊടുപുഴ: ജില്ലയിലെ ഓഫ് റോഡ് സഫാരി ജില്ലാ കളക്ടർ നിരോധിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള ഓഫ് റോഡ് സർവീസുകൾക്കും മറ്റു സാധാരണ ജീപ്പ് സർവീസുകൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ സഞ്ചാരികളെ കൊണ്ടുപോകുന്ന മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയ ജീപ്പുകളെയും വിലക്ക് ബാധിക്കില്ല.
സുരക്ഷിതമല്ലാത്ത ജീപ്പ് സഫാരി അപകടങ്ങൾക്കിടയാകുന്ന സാഹചര്യത്തിലാണ് നിരോധനം. വിഷയം പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും വിവിധ വകുപ്പുതല ഏകോപനസമിതിയെ നിയോഗിക്കുകയും പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
കഴിഞ്ഞ ദിവസം മൂന്നാറിൽ വിനോദസഞ്ചാരികളുമായി പോയ ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ച സാഹചര്യത്തിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓഫ്റോഡ് ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തിയത്.
എട്ടുപേർ സഞ്ചരിച്ച ജീപ്പ് 50 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്. ജീപ്പ് സവാരി അനുവദിക്കണമെങ്കിൽ മതിയായ രേഖകളും സുരക്ഷാസംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പോലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനംവകുപ്പും ഉൾപ്പെടെ ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പു വരുത്തണം.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആകർഷണ ഘടകങ്ങളാണ് ഓഫ് റോഡ് ജീപ്പ് സവാരി. വാഗമണ്, മൂന്നാർ, തേക്കടി, ചതുരംഗപ്പാറ, പാഞ്ചാലിമേട്, കാൽവരിമൗണ്ട് തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ജീപ്പ് സവാരിയും ഓഫ് റോഡ് സവാരിയുമുണ്ട്.
ഓഫ് റോഡ് ജീപ്പ് സവാരി ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. വിദ്യാർഥികളാണ് കൂടുതലായി ഓഫ് റൈഡ് സവാരിയുടെ ആരാധകർ. ഉയർന്ന മലമുകളിലും പുൽമേടുകളിലും സാഹസികമായാണ് ജീപ്പ് സവാരി നടത്തുന്നത്. നൂറുകണക്കിനു വാഹനങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓഫ് റോഡ് സവാരി നടത്തുന്നത്.
ഇതിനിടെ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീപ്പ് ഡ്രൈവർമാർ രംഗത്തെത്തി. നിരവധിപ്പേരുടെ ഉപജീവനമാർഗമാണ് ഇടുക്കിയിൽ ജീപ്പ് സഫാരി. ടൂറിസം മേഖലയിൽ ട്രക്കിംഗ് ഉൾപ്പടെയുള്ളവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നിരോധന നടപടി ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ പ്രതിഷേധമാണ് നിരോധന ഉത്തരവിനെതിരേ ഉയരുന്നത്. അപകടങ്ങളുടെ പേരിൽ ട്രക്കിംഗ് ഉൾപ്പെടെ പൂർണമായും നിർത്തിവയ്ക്കുന്നത് അശാസ്ത്രീയമാണ്. ഉത്തരവിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.
ജില്ലയിലെ മിക്കയിടങ്ങളിലും സഞ്ചാരികൾ എത്തുന്നത് ട്രക്കിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾക്കു വേണ്ടിയാണ്. മാത്രമല്ല മറ്റു വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ജില്ലയിലെ മനോഹര പ്രദേശങ്ങൾ കണ്ടെത്തി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതും ഇത്തരത്തിലുള്ള സഫാരി ഡ്രൈവർമാരാണ്. ഒരു മുന്നറിയിപ്പുപോലും ഇല്ലാതെയാണ് ഉത്തരവ്. നിർദേശം ജില്ലയിലെ ടൂറിസംമേഖലയെ ആകെ പ്രതിസന്ധിയിലാക്കുമെന്ന് കുമളിയിലെ ഓഫ് റോഡ് ജീപ്പ് ഉടമയായ സജീഷ് കുമാർ പറഞ്ഞു.