ഇടുക്കി മെഡി. കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴാറായ നിലയിൽ
1573577
Sunday, July 6, 2025 11:46 PM IST
ചെറുതോണി: സംരക്ഷണഭിത്തി ബലപ്പെടുത്താൻ കോട്ടയം മെഡിക്കൽ കോളജ് ദുരന്തം ഇടുക്കിയിലും ആവർത്തിക്കണമോയെന്ന് നാട്ടുകാർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് ഒരു ജീവൻ നഷ്ടമായിട്ടും അധികൃതർ പാഠം പഠിക്കുന്നില്ലെന്നാണ് ആരോപണം. ഇടുക്കി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ സംരക്ഷണഭിത്തി തകർന്നു വീഴാറായ നിലയിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയായി മാറ്റിയ ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയാണ് ഭീഷണിയായിരിക്കുന്നത്.
കുട്ടികളുടെ വാർഡ്, പ്രസവ വാർഡ്, സർജിക്കൽ വാർഡ്, ഐസിയു , ഓപ്പറേഷൻ തിയേറ്റർ, സൈക്യാട്രിക് വാർഡ്, ബ്ലഡ് ബാങ്ക് തുടങ്ങിയവ ഈ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ മുറ്റത്തിന്റെ കരിങ്കൽകെട്ടാണ് ഇടിഞ്ഞു വീഴാറായിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡിലേക്കാണ് കരിങ്കൽഭിത്തി തകർന്നാൽ വീഴുക.
20 അടിയിലേറെ ഉയരമുള്ള സംരക്ഷണഭിത്തി തകർന്നാൽ ആശുപത്രി കെട്ടിടവും അപകടത്തിലാവും. സദാ നേരവും വാഹനവും ജനങ്ങളും സഞ്ചരിക്കുന്ന റോഡിലേക്ക് കരിങ്കൽകെട്ട് തകർന്നുവീണാൽ വൻ ദുരന്തം സംഭവിക്കാം. പത്തടിയിലേറെ നീളത്തിൽ കരിങ്കൽ കെട്ട് പുറത്തേക്ക് തള്ളിയിട്ടുണ്ട്. കല്ലുകൾ ഇളകി ഏതു നിമിഷവും താഴവീഴാവുന്ന നിലയിലുമാണ്.