ബിജെപി മാർച്ചിലും ഉന്തും തള്ളും
1573857
Monday, July 7, 2025 11:19 PM IST
തൊടുപുഴ: ആരോഗ്യ മേഖലയെ തകർത്ത മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇടുക്കി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാരംഭിച്ച മാർച്ച് ആശുപത്രിക്കു സമീപം ബാരിക്കേഡ് തീർത്ത് പോലീസ് തടഞ്ഞു. ബാരിക്കേഡ് ഭേദിക്കാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെ വനിതാ സിവിൽ പോലീസ് ഓഫീസറുടെ കൈയ്ക്ക് പരിക്കേറ്റു. ജില്ലാ അധ്യക്ഷൻ പി.പി. സാനു യോഗം ഉദ്ഘാടനം ചെയ്തു.
മേഖലാ ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, പരിസ്ഥിതി സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ എം.എൻ. ജയചന്ദ്രൻ, നേതാക്കളായ ബെന്നി ജോസഫ്, എൻ.കെ. അബു, പി.ജി. രാജശേഖരൻ, മുന്നി കൈറ്റിയാനി, ശ്രീലക്ഷ്മി സുദീപ്, ഷിൻസ് മോൻ, പി.വി. ഷിംമോൻ, കെ.പി. രാജേന്ദ്രൻ, ജോർജ് പൗലോസ്, ജയലക്ഷ്മി ഗോപൻ, ശ്രീകാന്ത് കാഞ്ഞിരമറ്റം, എം.പി. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുതോണി: ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാർച്ചും ധർണയും നടത്തി. ആതുരസേവനരംഗത്ത് ഏറെ പിന്നാക്കം നിൽക്കുന്ന ഇടുക്കിയിൽ സർക്കാർ മെഡിക്കൽ കോളജിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും തികഞ്ഞ പരാജയമെന്നാരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്.
അഗ്നിരക്ഷാ സർട്ടിഫിക്കറ്റുപോലും ഇല്ലാതെയാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ഇത് ഭാവിയിൽ വൻ അപകടങ്ങൾക്കു കാരണമായേക്കാം. ഓക്സിജൻ പ്ലാന്റിലേക്ക് റോഡ് നിർമിക്കുവാൻപോലും തയാറാകാതെ ഇടുക്കി മെഡിക്കൽ കോളജിനോട് തികഞ്ഞ അനാസ്ഥയാണ് സർക്കാർ കാണിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
ചെറുതോണി ടൗണിൽനിന്ന് ആരംഭിച്ച മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. സന്തോഷ്കുമാർ, കെ. കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, രതീഷ് വരകുമല തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് മെഡിക്കൽ കോളജ് കവാടത്തിൽ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനു കാരണമായി.