സ്വകാര്യ ബസ് പണിമുടക്ക്: ജനം വലഞ്ഞു
1574134
Tuesday, July 8, 2025 9:36 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ജില്ലയിൽ നടത്തിയ പണിമുടക്ക് ജനത്തെ വലച്ചു.
പണിമുടക്കിനെത്തുടർന്ന് ജില്ലയിൽ സ്വകാര്യ ബസ് സർവീസ് പൂർണമായും നിലച്ചതോടെ വിദ്യാർഥികളും ജോലിക്കാരുമടക്കം നിരവധി യാത്രക്കാർ വലഞ്ഞു.
സ്വകാര്യ ബസുകൾ ഏറെയുള്ള ഹൈറേഞ്ചിലെ ഉൾനാടൻ മേഖലകളിൽനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. കെഎസ്ആർടിസി ബസുകൾ മാത്രമായിരുന്നു യാത്രക്കാരുടെ ആശ്രയം.
ഇന്നലെ ബസ് പണിമുടക്കും ഇന്ന് പൊതു പണിമുടക്കുംകൂടി വന്നതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു.
ജില്ലയിലെ ആറ് കെഎസ്ആർടിസി ഡിപ്പോകളിലും ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ട്രിപ്പുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു.
തൊടുപുഴ ഡിപ്പോയിൽനിന്ന് സാധാരണയുള്ള 47 ട്രിപ്പുകൾക്ക് പുറമേ എട്ട് അധിക സർവീസുകൾ കെഎസ്ആർടിസി നടത്തിയാണ് യാത്രാ ക്ലേശം പരിഹരിച്ചത്. പെരിങ്ങാശേരി - ചീനിക്കുഴി, തൊടുപുഴ - അടിമാലി, തൊടുപുഴ - വണ്ണപ്പുറം റൂട്ടുകളിലാണ് കൂടുതൽ സർവീസുകൾ നടത്തിയത്. എന്നാൽ പല ഉൾനാടൻ മേഖലകളിൽനിന്നും കെഎസ്ആർടിസി സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലായി. പതിവ് ബസ് യാത്രികരായ പലരും ഇന്നലെ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്തു. വിദ്യാർഥികൾ പലരും വഴിയരികിൽനിന്ന് ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് പോകുന്നതും കാണാമായിരുന്നു.
മറ്റ് ചിലർ സൈക്കിളിലും മറ്റുമാണ് സ്കൂളിലെത്തിയത്. വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ ഓട്ടോകളെയാണ് കൂടുതൽ ആശ്രയിച്ചത്.
സ്വകാര്യ ബസുടമകളുമായി കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ്, സ്പീഡ് ഗവർണർ, കാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
22 മുതൽ അനിശ്ചിതകാല സമരവും സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.