സൂചനാ ബസ് പണിമുടക്ക് ഇന്ന്
1573853
Monday, July 7, 2025 11:19 PM IST
തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമാ സംയുക്തസമിതിയുടെ നേതൃത്വത്തിൽ ഇന്നു സൂചനാ ബസ് പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരവും സംഘടിപ്പിക്കും.
സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ്, സ്പീഡ് ഗവർണർ, കാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്ന ഗതാഗതവകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പത്രസമ്മേളനത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി അജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. സലിം എന്നിവർ പങ്കെടുത്തു.