ഹോട്ടൽ ഉടമകളെ വിളിച്ച് പണം ആവശ്യപ്പെടുന്നതായി പരാതി
1573303
Sunday, July 6, 2025 3:46 AM IST
തൊടുപുഴ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഫോണിൽ വിളിച്ച് ഫുഡ് സേഫ്റ്റി കമ്മീഷണറാണെന്നു തെറ്റിധരിപ്പിച്ച് പണം ആവശ്യപ്പെടുന്ന സംഭവം പതിവാകുന്നു. ഇതേത്തുടർന്നു കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകി.
താങ്കളുടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും പഴകിയ ഭക്ഷണമാണ് നൽകിയതെന്നും പാഴ്സൽ വാങ്ങിയതിൽ കന്പിക്കഷണം ലഭിച്ചിരുന്നുവെന്നും ഇതിന് കുറഞ്ഞത് 50,000 രൂപ പിഴ അടയ്ക്കണമെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിൽ 10,000 ഗൂഗിൾ പേ ചെയ്താൽ നടപടികൾ ഒഴിവാക്കാമെന്നുമാണ് വാഗ്ദാനം. ഇതിനു പുറമേ ചികിൽസയ്ക്കു പണം ആവശ്യപ്പെടുന്നതായും പരാതിയിൽ പറയുന്നു.
കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി പി.കെ. മോഹനൻ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ്, സെക്രട്ടറി പ്രതീഷ് കുര്യാസ്, വി. പ്രവീണ്‍, എ.ആർ. ഗിരീഷ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.