കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
1573849
Monday, July 7, 2025 11:19 PM IST
കട്ടപ്പന: മലയോര ഹൈവേയിൽ കാഞ്ചിയാർ പാലാക്കടയ്ക്ക് സമീപം റോഡിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പരിക്കേൽക്കുന്നതും സ്ഥിരം സംഭവമാണ്. റോഡ് നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് അപകടങ്ങൾക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് മലയോര ഹൈവേയാക്കി നവീകരിക്കുന്നതിന് മുമ്പുതന്നെ ഈ ഭാഗം അപകടമേഖലയായിരുന്നു. വളവിന്റെ മധ്യഭാഗത്തുനിന്നാണ് പാലാക്കട പുതിയ പാലം റോഡിലേക്ക് തിരിയുന്നത്. ഇതുവഴിയും വാഹനങ്ങൾ പ്രധാന റോഡിലേക്ക് എത്തുന്നുണ്ട്.
വളവിന് ദൈർഘ്യം കൂടുതലുള്ളതിനാൽ ഇരുവശത്തുനിന്നു വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമേ ഡ്രൈവർമാർക്ക് ദൃശ്യമാകുകയുള്ളൂ. ഇതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. റോഡ് നവീകരണം നടന്ന വേളയിൽ ഈ വളവ് നേരേയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലുണ്ടായ തടസങ്ങളാണ് വളവ് നിവർത്താൻ സാധിക്കാതെ പോയതെന്ന് നാട്ടുകാർ പറഞ്ഞു.