ദേശീയപാതയിൽ ടാറിംഗ് പൊളിച്ച് അപകടം വിളിച്ചു വരുത്തുന്നു
1573581
Sunday, July 6, 2025 11:46 PM IST
പൂപ്പാറ: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ക്കായി ടാറിംഗ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് അപകടക്കെണിയായി മാറുന്നു. ബോഡിമെട്ട് മുതല്‍ പൂപ്പാറവരെ ഇരുപതോളം ഭാഗങ്ങളിലാണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്ന തരത്തിൽ ടാറിംഗ് കുഴിച്ച് മാറ്റിയിരിക്കുന്നത്. നാലു മീറ്റര്‍ മുതല്‍ ഇരുപത് മീറ്റര്‍വരെ നീളത്തിലാണ് ടാറിംഗ് നീക്കിയിരിക്കുന്നത്.
മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയാണ് നവീകരണം നടത്തി നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കിയ പല ഭാഗത്തും ടാറിംഗ് വിണ്ടുകീറിയതോടെയാണ് ഈ ഭാഗങ്ങളിലെ ടാറിംഗ് ഇളക്കി മാറ്റിയത്. മൂന്ന് ഇഞ്ച് കനത്തിലുള്ള ടാറിംഗ് ഇളക്കിനീക്കിയതോടെ ഈ ഭാഗങ്ങള്‍ വലിയ കുഴികളായി മാറി. ഇതോടെ രാത്രിയിലടക്കം ഇവിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്.
അറ്റകുറ്റപ്പണികള്‍ക്കായി ടാറിംഗ് ഇളക്കി കുഴികളെടുത്തിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ഇവ ഗതാഗത യോഗ്യമാക്കുന്നതിന് ദേശീയപാത വിഭാഗം ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വളവുകളിലടക്കം കുഴിയൊഴിവാക്കി റോംഗ് സൈഡ് കയറുന്നതോടെ എതിരേ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാന്‍ സാധ്യതയേറെയാണ്. മുമ്പ് ഇത്തരത്തില്‍ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച സംഭവവുമുണ്ടായി.
അടിയന്തരമായി ദേശീയപാതയിലെ ഈ അപകടക്കെണി ഒഴിവാക്കി ടാറിംഗ് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.