മാംസവിൽപന സ്റ്റാളുകളിൽ ശുചിത്വമില്ല; വില തോന്നുംപടി
1573312
Sunday, July 6, 2025 3:46 AM IST
തൊടുപുഴ: നഗരസഭയിൽ മാംസ വിൽപ്പന സ്റ്റാളുകൾ പ്രവർത്തിക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ. കന്നുകാലികളെ കൊല്ലുന്നതിനുള്ള ആധുനിക അറവുശാല നഗരസഭയിൽ ഇല്ലാത്തതിനാൽ മാംസവിൽപ്പന സ്റ്റാളുകൾക്ക് നഗരസഭ ലൈസൻസ് നൽകുന്നില്ല. അതിനാൽ സ്റ്റാളുകളുടെ നടത്തിപ്പുകാർ അവരുടെ ഇഷ്ടമനുസരിച്ചാണ് ഉരുക്കളെ കൊല്ലുന്നതും വിൽപ്പന നടത്തുന്നതും.
ആധുനിക അറവുശാലയിൽ കൊല്ലുന്ന കന്നുകാലികളുടെ ഇറച്ചി മാത്രമേ വിൽപ്പന നടത്താവു എന്ന നിബന്ധന നിലനിൽക്കേയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ മാംസ വിൽപ്പന നടത്തുന്നത്.
ഒട്ടേറെ മാംസ സ്റ്റാളുകളാണ് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടേക്ക് മാംസം എത്തുന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധിച്ച് ആധുനിക അറവുശാലയിൽ കശാപ്പ് ചെയ്യുന്ന ഉരുക്കളുടെ മാംസമേ വിൽപ്പന നടത്താവൂ എന്നാണ് നിബന്ധന. അറവുശാലയില്ലാത്തതിനാൽ ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
നഗരസഭയിൽ ആധുനിക അറവു ശാല നിർമിക്കുമെന്ന പ്രഖ്യാപനം നഗരസഭ അധികൃതർ പതിവായി ആവർത്തിക്കാറുണ്ട്. മുൻ വർഷങ്ങളിലെ ബജറ്റിൽ ഇതിനായി തുക വകയിരുത്തുകയും ചെയ്തിരുന്നു. മാർക്കറ്റ് പരിസരത്ത് ആധുനിക അറവുശാല നിർമിക്കാനായിരുന്നു തീരുമാനം. നാലു കോടിയുടെ പദ്ധതി തയാറാക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചത്.
മാടുകളെ പരിശോധിയ്ക്കാനുള്ള ലാബ്, കൊല്ലാനുള്ള ആധുനിക സംവിധാനങ്ങൾ, മാലിന്യസംസ്കരണ സംവിധാനം, ജലസംഭരണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കാനായിരുന്നു തീരുമാനം. എന്നാൽ, നടപടികൾ പദ്ധതിക്കായുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനുള്ള നിർദേശത്തിൽ മാത്രം ഒതുങ്ങി.
ജില്ലയിലെ മറ്റൊരു നഗരസഭയായ കട്ടപ്പനയിൽ ആധുനിക അറവുശാല പ്രവർത്തിക്കുന്പോഴാണ് തിരക്കേറിയ തൊടുപുഴയിൽ ആധുനിക അറവു ശാല ഇല്ലാത്തത്. അറവുശാല ഇല്ലാത്തതിനാൽ നഗരസഭയ്ക്ക് മാംസസ്റ്റാളുകൾക്ക് ലൈസൻസ് നൽകാനുമാകില്ല. അതിനാൽ ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കഴിയുന്നില്ല. മാംസത്തിന്റെ വില സ്റ്റാൾ നടത്തിപ്പുകാർ തോന്നുംപടിയാണ് ഉയർത്തുന്നത്.
നഗരസഭയുടെ മത്സ്യമാർക്കറ്റിലായിരുന്നു ആധുനിക അറവുശാല നിർമിക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് ചെയർമാൻ കെ. ദീപക് പറഞ്ഞു. എന്നാൽ, ആധുനിക അറവുശാല നിർമിക്കാനുള്ള വിസ്തൃതി നഗരസഭയുടെ ഈ സ്ഥലത്തുണ്ടായിരുന്നില്ല. എല്ലാ ബജറ്റിലും പദ്ധതിക്കായി തുക വകയിരുത്താറുണ്ടെങ്കിലും ഇപ്പോൾ ഇതിനായുള്ള നടപടികൾ നിലച്ചിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വിഭാഗം പരിശോധന നടത്തി
നഗരസഭ പരിധിയിലെ മാംസ സ്റ്റാളുകളിൽ ആരോഗ്യ വിഭാഗം സ്ക്വാഡ് പരിശോധന നടത്തി. നഗരസഭയിൽ പ്രവർത്തിക്കുന്ന മാംസസ്റ്റാളുകളെ സംബന്ധിച്ച് താലൂക്ക് വികസനസമിതിയിൽ പരാതികൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടയം കവല, മുതലക്കോടം, മങ്ങാട്ടുകവല, കുന്പംകല്ല് മേഖലകളിലെ മാംസവില്പന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
പല സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന് പരിശോധനയിൽ വ്യക്തമായി. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരാണ് സ്റ്റാളുകളിൽ പണിയെടുക്കുന്നത്.
ഗ്ലാസ് സ്ഥാപിച്ച് മാംസം തൂക്കിയിട്ടിരിക്കുന്നത് മറയ്ക്കണമെന്ന നിർദേശം പാലിച്ചിട്ടില്ല. ശരിയായ രീതിയിൽ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കിയിട്ടില്ലന്നും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം ഇവ പരിഹരിച്ചില്ലെങ്കിൽ പിഴയുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീശൻ, ദീപ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.