മന്ത്രി വീണയുടെ രാജി: യൂത്ത് കോണ്ഗ്രസ് മാർച്ചും റോഡ് ഉപരോധവും സംഘർഷഭരിതം
1573859
Monday, July 7, 2025 11:19 PM IST
തൊടുപുഴ: കോട്ടയം മെഡിക്കൽ കോളജിൽ കാലപ്പഴക്കംചെന്ന കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചും റോഡ് ഉപരോധവും സംഘർഷത്തിൽ കലാശിച്ചു. മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപാസ് റോഡ് ഉപരോധിച്ച ചാണ്ടി ഉമ്മൻ എംഎൽഎ അടക്കമുള്ള പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു നൂറുകണക്കിനു പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് പ്രകടനമായി എത്തിയത്.
ന്യൂമാൻ കോളജ് പഴയ കവാടത്തിനു സമീപം ബാരിക്കേഡ് തീർത്ത് പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും ഇവ നീക്കി വലയം ഭേദിക്കാനുള്ള പ്രവർത്തകരുടെ ശ്രമം ഏറെ ശ്രമകരമായാണ് പോലീസ് തടഞ്ഞത്. തുടർന്നു പ്രവർത്തകർ പോലീസിനു നേർക്ക് വടിയും മറ്റും എറിയുകയും ബാരിക്കേഡിനു മുകളിൽക്കയറി മറുവശത്തേക്ക് കടക്കാൻ നടത്തിയ ശ്രമവും പോലീസ് തടഞ്ഞു. ഇതോടെയാണ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്. ഉപരോധത്തിൽനിന്നു പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാത്തതിനെത്തുടർന്നു ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഒടുവിൽ ചാണ്ടി ഉമ്മനെ അറസ്റ്റ് ചെയ്തുനീക്കാൻ നടത്തിയ ശ്രമം ഒപ്പമുണ്ടായിരുന്ന പ്രവർത്തകർതടഞ്ഞത് വീണ്ടും സംഘർഷത്തിനു കാരണമായി. ഒടുവിൽ കൂടുതൽ പോലീസ് എത്തി മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതോടെയാണ് ഒരുമണിക്കൂറായി നിലനിന്ന സംഘർഷത്തിന് അയവുവന്നത്.
ഗതാഗതം തടസപ്പെടുത്തിയതിന് 12-ഓളം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധയോഗം നേരത്തേ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറന്പിൽ, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്, നേതാക്കളായ മാത്യു കെ. ജോണ്, ടോണി തോമസ്, ജോബിൻ മാത്യു, നിഷ സോമൻ, ജോബി സി. ജോയി, മോബിൻ മാത്യു, സോയിമോൻ സണ്ണി, എൻ.ഐ. ബെന്നി, ജോണ് നെടിയപാല, ടോണി തോമസ്, അനുഷൽ ആന്റണി, നിതിൻ ലൂക്കോസ്, ജോസുകുട്ടി ജോസ്, മനോജ് രാജൻ, ഷാനു ഷാഹുൽ, മുകേഷ് മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബുവിന്റെ നേതൃത്വത്തിൽ സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു.