ടാങ്കറിൽ എത്തിച്ച മാലിന്യം തള്ളി: ഒന്നര ലക്ഷം പിഴ
1574133
Tuesday, July 8, 2025 9:36 PM IST
മുട്ടം: തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയോരത്ത് പെരുമറ്റത്തിനു സമീപം ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിക്ക് പുറമേ ജീവനക്കാരേയും പോലീസ് പിടികൂടി. ഡ്രൈവർ കോട്ടയം ആർപ്പൂക്കര സ്വദേശി കന്പിച്ചിറ ശ്രീക്കുട്ടൻ (28 ), സഹായി കോട്ടയം വെച്ചൂർ നീതു ഭവനിൽ നിധീഷ് മോൻ(32 ) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മാലിന്യംകൊണ്ടുവന്ന് തള്ളിയ ടാങ്കറുകളിൽ ഒന്നാണ് പിടികൂടിയത്.
മറ്റൊന്നിന്റെ ഉടമയോട് ടാങ്കർ മുട്ടം സ്റ്റേഷനിൽ എത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ ടാങ്കർ കോടതിക്ക് കൈമാറും. സംഭവത്തിൽ മുട്ടം പഞ്ചായത്ത് വാഹന ഉടമകളിൽനിന്ന് 75000 രൂപ വീതം പിഴ ഈടാക്കും. രണ്ട് ടാങ്കറിനുമായി 1,50,000 രൂപ പിഴ ഒടുക്കണം. ഇതിനിടെ ടാങ്കറിലെ ജീവനക്കാരെ ഇന്നലെ മുട്ടം പഞ്ചായത്ത് ഓഫീസിൽ യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.
ഞായറാഴ്ച പുലർച്ചെയാണ് രണ്ട് ടാങ്കർ ലോറികളിലായി എത്തിച്ച മാലിന്യം മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ തള്ളിയത്. ഇതു ചെന്നുപതിക്കുന്നത് 100 മീറ്റർ അപ്പുറത്തുള്ള മലങ്കര ജലാശയത്തിലാണ്. ഇതു കണക്കിലെടുത്താണ് ഉയർന്ന പിഴ ഈടാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. ആയിരക്കണക്കിന് ആളുകൾ കുടിവെള്ളമായി ഉപയോഗിക്കുന്നത് ഈ ജലാശയത്തിലെ വെള്ളമാണ്.
മുട്ടം പഞ്ചായത്ത് പെരുമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയിൽ ടാങ്കറുകളുടെ ദൃശ്യം പതിഞ്ഞതാണ് പ്രതികളെ അതിവേഗം പിടികൂടാൻ ഇടയാക്കിയത്.
ഞായറാഴ്ച പുലർച്ചെ രണ്ട് ടാങ്കറുകൾ പലവട്ടം ഇതു വഴി കടന്നുപോകുന്നതായി കാമറയിൽ പതിഞ്ഞിരുന്നു. രണ്ട് ടാങ്കറുകളുടേയും ദൃശ്യവും നന്പർ പ്ലേറ്റും വ്യക്തമായി ലഭിച്ചു. പ്രതികളെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
വഴിയോരത്തും പുഴയോരത്തും നിർത്തി അതിവേഗത്തിൽ മാലിന്യം ഒഴുക്കിക്കളയാനായി വലിയ കുഴലും പിടിച്ചെടുത്ത ടാങ്കറിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരടിയലധികം വലിപ്പമുള്ള കുഴലാണ് ടാങ്കറിന്റെ മുൻവശത്ത് സ്ഥാപിച്ചിട്ടുള്ളത്. നിയമപ്രകാരം ഇത് അനുവദനീയമല്ല. വാഹനത്തിന്റെ ടെസ്റ്റ് ജോലികളും മറ്റും കഴിഞ്ഞശേഷം അനധികൃതമായാണ് ഇത് സ്ഥാപിക്കുന്നത്. ഇത്തരം കുഴലുകൾ ഉള്ളതിനാൽ വഴിയോരത്ത് നിർത്തി രണ്ട് മിനിറ്റിനകം മുഴുവൻ മാലിന്യവും ഒഴുക്കിക്കളയാൻ കഴിയും. ഇത്തരം നിയമവിരുദ്ധ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഓഫീസിൽ
തടഞ്ഞുവച്ചു
ജനവാസ മേഖലയിൽ മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും ഇന്നലെ യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴ അടയ്ക്കാൻ പണം കൈവശം ഇല്ലെന്ന് പറഞ്ഞതോടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പഞ്ചായത്തിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു.
പിഴത്തുക അടയ്ക്കാതെ പുറത്ത് വിടാനാകില്ലെന്ന് പറഞ്ഞതോടെ സംഘർഷാവസ്ഥയായി. പിന്നീട് കൂടുതൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പോലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ 50,000 രൂപ അടപ്പിക്കുകയും ബാക്കി ഒരു ലക്ഷം രൂപ ഇന്ന് അടയ്ക്കാമെന്നുമുള്ള ഉറപ്പിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിനിടെ വാക്കുതർക്കം കൈയേറ്റമായതോടെ പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.