ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ലോറി മറിഞ്ഞു
1573856
Monday, July 7, 2025 11:19 PM IST
വണ്ണപ്പുറം: ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് സഞ്ചരിച്ച ലോറി റോഡിലെ കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും അറിയാതെ തോട്ടിലേക്കു മറിഞ്ഞു. വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ നാൽപതേക്കറിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പ് നോക്കി ഹൈറേഞ്ചിലേക്ക് ഇരുന്പുകന്പിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വണ്ണപ്പുറത്തുനിന്ന് ആരംഭിക്കുന്ന മലയോര പാതയിൽ ഏതാനും കിലോമീറ്റർ ലോറി മുന്നോട്ട് ഓടിച്ചുപോയി.
എന്നാൽ മുണ്ടുടിയിൽ എത്തിയപ്പോൾ കൊടുംവളവിലുള്ള കയറ്റം കയറാൻ സാധിച്ചില്ല. ഇതേത്തുടർന്ന് തിരികെ വണ്ണപ്പുറത്തിന് വരുന്പോൾ നാൽപതേക്കറിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഇവിടെ കലുങ്ക് നിർമാണം നടക്കുന്നിടത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തോട്ടിലേക്കു മറിയുകയായിരുന്നു.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിർമാണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പു ബോർഡുകളും സിഗ്നലും ഇല്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്ന് ഡ്രൈവർ പറഞ്ഞു. ഈ മേഖലകളിൽ സിഗ്നൽ ബോർഡ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെയും ഡ്രൈവർമാരുടെയും ആവശ്യം. നേരത്തേയും ഈ റൂട്ടിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.