ഇടുക്കി മെഡിക്കൽ കോളജാശുപത്രിയുടെ ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുകുന്നു
1574135
Tuesday, July 8, 2025 9:36 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയുടെ ശുചിമുറി മാലിന്യം റോഡിലൂടെ പുഴയിലേക്ക് ഒഴുകുന്നതായി പരാതി. ആശുപത്രിയുടെ പുതിയ മന്ദിരത്തിൽ രോഗികളെ കിടത്തി ചികിത്സ തുടങ്ങിയതു മുതൽ മലിന ജലം ആശുപത്രിയിലേക്കുള്ള റോഡിലൂടെ ഒഴുകുകയാണ്.
ഇത് സമീപത്തുകൂടി ഒഴുകുന്ന ചെറുതോണി തോട്ടിലൂടെ പെരിയാറിലാണ് ചേരുന്നത്. ശുചി മുറിയിലെ മലിന ജലം സംഭരിക്കാൻ ആശുപത്രിയുടെ സംരക്ഷണഭിത്തിയോട് ചേർന്നാണ് ടാങ്ക് നിർമിച്ചിരിക്കുന്നത്.
ഇതിൽനിന്ന് അധിക ജലം നീക്കം ചെയ്യാൻ നാലിഞ്ച് വ്യാസമുളള പിവിസി പൈപ്പും ഘടിപ്പിച്ചിട്ടുണ്ട്.
പൈപ്പിന്റെ മറ്റേയറ്റം കരിങ്കൽ ഭിത്തിയോട് ചേർന്ന് ആശുപത്രി റോഡിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്. മലിന ജലം ശേഖരിക്കുന്ന ടാങ്ക് നിറഞ്ഞ് സദാനേരവും ഈ പിവിസി പൈപ്പിലൂടെ ജലം റോഡിലേക്ക് ഒഴുകുകയാണ്. കുറച്ച് നാളുകളായി ആശുപത്രിയുടെ സംരക്ഷണഭിത്തിയിലൂടെ ടാങ്കിൽനിന്നുള്ള മലിന ജലം ചോർന്നൊലിക്കുകയാണ്. ആശുപത്രിയിലേക്കുള്ള റോഡിലൂടെ നിരന്നൊഴുകുന്ന മലിന ജലം ആശുപത്രിയിലേക്ക് കാൽനടയായി വരുന്നവരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ദുർഗന്ധം വമിക്കുന്ന മലിന ജലം ജനങ്ങളുടെ ദേഹത്തേക്ക് തെറിക്കും.
കിറ്റ്കോയ്ക്കായിരുന്നു ആശുപത്രികെട്ടിടത്തിന്റെ നിർമാണച്ചുമതല. ആശുപത്രികെട്ടിട നിർമാണത്തിൽ വ്യാപകമായ ന്യൂനതകളും പോരായ്മകളുമുള്ളതായി പരാതികളുണ്ട്. മലിനജല സംഭരണിയിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന ജലം മറ്റൊരു ടാങ്കിലാക്കുകയും ശുദ്ധീകരിച്ച് പുറന്തള്ളുകയും വേണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.