ബസ് യാത്രയ്ക്കിടെ അഞ്ചേമുക്കാൽ പവൻ സ്വർണം കവർന്നതായി പരാതി
1573850
Monday, July 7, 2025 11:19 PM IST
തൊടുപുഴ: ബസ് യാത്രയ്ക്കിടയിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയുടെ അഞ്ചേമുക്കാൽ പവൻ സ്വർണം മോഷണം പോയതായി പരാതി. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കിടങ്ങൂർ അറുമാനൂർ കോയിത്തുരുത്ത് കെ.സി. ഉമാദേവിയുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ബാഗിനകത്ത് ഡപ്പിയിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.15ന് കിടങ്ങൂരിൽനിന്നാണ് ഉമാദേവി തൊടുപുഴയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയത്.
ബസിൽ ഏറെ തിരക്കായതിനാൽ സമീപത്ത് ഇരുന്ന സ്ത്രീയുടെ കൈയിൽ ബാഗ് പിടിക്കാൻ ഏൽപ്പിച്ചു. രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടപ്പോൾ സീറ്റ് ലഭിച്ചതിനെത്തുടർന്ന് ബാഗ് തിരികെ വാങ്ങി. പിന്നീട് മങ്ങാട്ടുകവലയിലെ ഓഫീസിൽ എത്തി രാവിലത്തെ ജോലിക്കുശേഷം 12ന് ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായതായി മനസിലാകുന്നത്.
സ്വർണം സൂക്ഷിച്ചിരുന്ന ബാഗിന്റെ കള്ളി തുറന്നുകിടക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴ പോലീസിൽ എത്തി പരാതി നൽകി. ഇവരുടെ നിർദേശമനുസരിച്ച് കെഎസ്ആർടിസി ഡിപ്പോയിലും പാലാ പോലീസിനെയും വിവരമറിയിച്ചു. പാലായിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.