പുലിപ്പേടിയിൽ ജനങ്ങൾ; ഇന്ന് യുഡിഎഫ് ഉപവാസ സമരം
1484983
Saturday, December 7, 2024 3:46 AM IST
കുമളി: പുലിയെ പേടിച്ച് ജനം പുറത്തിറങ്ങാൻ ഭയക്കുന്പോൾ കാമറയ്ക്ക് മുന്നിൽപ്പെടാതെ പുലികൾ. കുമളി പഞ്ചായത്തിലെ അമരാവതി, അട്ടപ്പള്ളം, ഒട്ടകത്തലമേട്, എകെജി പടി, നാലാംമൈൽ, ചെളിമട, സ്പ്രിംഗ് വാലി, ചക്കുപള്ളം പഞ്ചായത്തിലെ കുങ്കിരിപ്പെട്ടി, അണക്കര, ചെല്ലാർകോവിൽ പ്രദേശങ്ങളിലാണ് ഒരു മാസമായി പുലിയും കടുവയും മാറി മാറി ജനവാസ മേഖലകളിലിറങ്ങുന്നത്.
കുമളി പഞ്ചായത്തിലെ വന്യമൃഗ ശല്യം ഒഴിവാക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ ഇന്നു രാവിലെ മുതൽ വൈകുന്നേരംവരെ കുമളി പഞ്ചായത്ത് പൊതുവേദിയിൽ ഉപവാസ സമരം നടത്തും. മണ്ഡലം പ്രസിഡന്റ് പി.പി. റഹീം, പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റോബിൻ കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകും.
അമരാവതിയിൽ കൂട്ടിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലി പിടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ പുലർച്ചെ കുമളി ഒട്ടകത്തലമേട്ടിലെ സ്വകാര്യ റിസോർട്ടിൽ പുലിയെത്തി. റിസോർട്ടിലെ സെക്യുരിറ്റി ജീവനക്കാരൻ മനോജാണ് ഗേറ്റിനു സമീപം പുലിയെ കണ്ടത്.