ഞായറാഴ്ചകളിലെ പാഠ്യേതര പ്രവർത്തനം : ബഹിഷ്കരണത്തിന് ഒരുങ്ങി കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
1481236
Saturday, November 23, 2024 3:42 AM IST
തൊടുപുഴ: ഞായറാഴ്ചകളിൽ സ്കൂളുകളിൽ സർക്കാർ അടിച്ചേൽപ്പിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ബഹിഷ്കരിക്കുമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോതമംഗലം രൂപത സമിതി വ്യക്തമാക്കി. ലിറ്റിൽ കൈറ്റ്സ് എല്ലാവർഷവും നടത്താറുള്ള ഉപജില്ലാ ദ്വിദിന ക്യാന്പിന്റെ നടത്തിപ്പ് സംബന്ധിച്ച സർക്കുലറിലാണ് നവംബർ 24, ഡിസംബർ 1, 8 എന്നീ ഞായറാഴ്ചകൾ ക്യാന്പിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്രൈസ്തവ വിദ്യാർഥികളും അധ്യാപകരും ആരാധനയ്ക്കായി മാറ്റിവയ്ക്കുന്ന ദിവസങ്ങളിലെ ക്യാന്പ് ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നതാണ്. ഇത്തരം നടപടികളിൽ നിന്നും വകുപ്പ് പിന്മാറണമെന്ന് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹിഷ്കരണമുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ടീച്ചേഴ്സ് ഗിൽഡ് കോതമംഗലം രൂപതാ സമിതി മുന്നറിയിപ്പ് നൽകി.
രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിബിൻ മാത്യു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടിന്റു ജോസ്, അനീഷ് ജോർജ്, സെബാസ്റ്റ്യൻ മാത്യു, സിസ്റ്റർ സിനി വി. ചെന്പരത്തി, ബിന്ദു ജോർജ്, മാർട്ടിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.