ഉപ്പുകുന്ന് കള്ളിക്കൽ പട്ടികവർഗ കോളനിയുടെ മുഖഛായ മാറും
1481237
Saturday, November 23, 2024 3:42 AM IST
ഒരുകോടിയുടെ വികസനം നടപ്പാക്കും
തൊടുപുഴ: ഉടുന്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്ന് കള്ളിക്കൽ അംബേദ്കർ സെറ്റിൽമെന്റ് വികസനത്തിനായി ഒരുകോടിയുടെ പദ്ധതി നടപ്പാക്കും. ഇതിന്റെ ഡിപിആർ പി.ജെ.ജോസഫ് എംഎൽഎ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ സാന്പത്തിക വർഷത്തിലും രണ്ട് വീതം പട്ടിക വർഗ കോളനികളെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്കായി തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് കള്ളിക്കൽ പട്ടികവർഗ സങ്കേതത്തിന്റെ വികസനത്തിന് തുകഅനുവദിച്ചത്.
ആദിവാസി കോളനികളിൽ താമസിക്കുന്നവരുടെ സാമൂഹ്യ-സാന്പത്തിക പുരോഗതി ലക്ഷ്യംവച്ചുള്ള പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, സാന്പത്തിക പ്രവർത്തനങ്ങൾ, വീടില്ലാത്ത ആദിവാസികൾക്ക് വീട്, വീട് മെയിന്റനൻസ് എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
കള്ളിക്കൽ സെറ്റിൽമെന്റിൽ കൂടിയ ഉൗരുകൂട്ട യോഗങ്ങളിൽ നിവാസികളുമായി നേരിട്ട് സംവദിച്ചാണ് പദ്ധതി നിർദേശങ്ങൾ സ്വീകരിച്ചിരിക്കുന്നത്. നിർവഹണ ഏജൻസിയായി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെയും, പട്ടികവർഗ വികസന വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഉടുന്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, സ്ഥിരംസമിതി ചെയർപേഴ്സണ് നൈസി ഡെനിൽ, ഉൗരുമൂപ്പൻ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.