പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിൽ താമസിക്കുന്നത് 31,412 തൊഴിലാളി കുടുംബങ്ങൾ
1481222
Saturday, November 23, 2024 3:30 AM IST
ബജറ്റിൽ അനുവദിച്ചത് 20 കോടി; ധനവകുപ്പ് അംഗീകരിച്ചത് 33.7 ലക്ഷം മാത്രം
ഉപ്പുതറ: തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ നവീകരണം തുടങ്ങാൻ പോലുമായില്ല. ലയങ്ങളുടെ നവീകരണത്തിനു സർക്കാർ 20 കോടി രൂപ അനുവദിച്ചെങ്കിലും ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചത് 33.7 ലക്ഷം രൂപക്കു മാത്രം. മൂന്നു വർഷം കഴിഞ്ഞിട്ടും ഇതു വിനിയോഗിക്കാനുംനടപടി ഉണ്ടായില്ല.
31412 തൊഴിലാളി കുടുംബങ്ങളാണ് പൊട്ടിപ്പൊളിഞ്ഞ ലയങ്ങളിൽ ഇപ്പോഴും കഴിഞ്ഞു കൂടുന്നത്. 2015 ൽ നിയോഗിച്ച ജസ്റ്റീസ് കൃഷ്ണൻനായർ കമ്മീഷൻ 2017 ജനുവരിയിലാണ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. ജീർണാവസ്ഥയിലായ ലയങ്ങൾ ഉടൻ നവീകരിക്കുക, അല്ലെങ്കിൽ തൊഴിലാളികൾക്ക് വീടു നിർമിച്ചു നൽകുക എന്നീ നിർദേശമാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം.
തുടർന്നു കമ്മീഷന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. നവീകരണം, അതല്ലെങ്കിൽ പുതിയ വീട് എന്നതീരുമാനം 2020 ലെ പ്ലാന്റേഷൻ നയത്തിൽ സർക്കാർ ആവർത്തിക്കുകയും ചെയ്തു. സർക്കാരും തോട്ടം ഉടമകളും തുല്യമായി നിർമാണച്ചെലവ് വഹിക്കണം എന്നായിരുന്നു തീരുമാനം.
എന്നാൽ, ഭൂമി വിട്ടു നൽകാൻ പോലും ഭൂരിഭാഗം ഉടമകളും വിസമ്മതിച്ചതോടെ തീരുമാനം പാളി. സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി വീടു നിർമിക്കാനായിരുന്നു പിന്നീടുള്ള ശ്രമം.
തൊഴിൽ വകുപ്പു നടത്തിയ സർവ്വേയിൽ സ്ഥലമോ വീടോ ഇല്ലാത്ത 22,389 തൊഴിലാളികളും കുടുംബങ്ങളും സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വീട് ഇല്ലാത്ത 4715 കുടുംബങ്ങളും വിരമിച്ച ശേഷവും വീടില്ലാത്ത 4308 തൊഴിലാളി കുടുംബങ്ങളും ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് 31,412 ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് ഭവനം ഫൗണ്ടേഷന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഭൂമി കണ്ടെത്താൻ പഞ്ചായത്തുകൾക്കും കഴിയാതെ വന്നതോടെ തീരുമാനം പരാജയപ്പെട്ടു.
അതിനിടെ ലയങ്ങളുടെ നവീകരണത്തിന് നബാർഡ് തുടങ്ങിയ ഏജൻസികളുടെ ദീർഘകാല സോഫ്റ്റ് ലോൺ ലഭ്യമാക്കാൻ സർക്കാർ സഹായിക്കണമെന്ന ആവശ്യവുമായി ഉടമകൾ രംഗത്തു വന്നു. എന്നാൽ, ഇക്കാര്യത്തിലും തീരുമാനം ഉണ്ടായില്ല. തുടർന്നാണ് ലയങ്ങൾ നവീകരിക്കാൻ സർക്കാർ രണ്ടു ഘട്ടമായി 20 കോടി രൂപ ബജറ്റിൽ അനുവദിച്ചത്.
സംസ്ഥാനത്തെ തോട്ടങ്ങളിലെ ഭൂരിഭാഗം ലയങ്ങളുടെയും അവസ്ഥ ഓരോ ദിവസം ദയനീയമായി കൊണ്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. പൂട്ടിക്കിക്കുന്ന തോട്ടങ്ങളിലെ നിരവധി ലയങ്ങൾ ഇതിനോടകം തകർന്നു വീഴുകയും തൊഴിലാളികൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി.