സിഎച്ച്ആർ: സുപ്രീം കോടതിയിൽ കക്ഷിചേരുമെന്ന് ഡീൻ കുര്യാക്കോസ്
1481224
Saturday, November 23, 2024 3:30 AM IST
തൊടുപുഴ: സുപ്രീംകോടതി സിഎച്ച്ആർ മേഖലയിലെ പട്ടയവിതരണം തടഞ്ഞ കേസിൽ കക്ഷി ചേരുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന കാൽ ലക്ഷത്തോളം കർഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
കൂടാതെ ഇനിയും പട്ടയം ലഭിക്കാനുള്ള വ്യാപാരസ്ഥാപനങ്ങൾ, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശം, മൂന്നു ചെയിൻ, 10 ചെയിൻ, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്നു രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി തുടങ്ങിയ പ്രാദേശങ്ങളിലടക്കമുള്ള പതിനായിരങ്ങൾക്ക് ഈ ഉത്തരവ് മൂലം പട്ടയം ലഭിക്കാതെ വരും.
സുപ്രീം കോടതി അനുമതിയോടെയാണ് സിഎച്ച്ആറിൽ പട്ടയം നൽകുന്നതെന്ന കാര്യം സർക്കാർ അഭിഭാഷകർ ബോധ്യപ്പെടുത്താതിരുന്നതാണു പട്ടയ വിതരണം തടസപ്പെടാൻ കാരണം.
1964 ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ നടപടികൾ നിർത്തിവച്ച ഹൈക്കോടതിയിലെ കേസിലും കക്ഷി ചേർന്നിട്ടുള്ളതായും ജില്ലയിലെ കർഷക താത്പര്യം സംരക്ഷിക്കുന്നതിന് പോരാട്ടം നടത്തുമെന്നും എംപി അറിയിച്ചു.