നെടുങ്കണ്ടം ഉപജില്ലാ കലോത്സവത്തിൽ സ്കൂളുകള്‍ ഓവറോള്‍ ചാന്പ്യൻഷിപ് പങ്കിട്ടു
1481223
Saturday, November 23, 2024 3:30 AM IST
നെടുങ്കണ്ടം: മൂന്നു ദിവസങ്ങളിലായി 10 വേദികളില്‍ നടന്നുവന്ന നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നിലധികം സ്കൂളുകള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ട കലോത്സവമാണ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്കൂളില്‍ നടന്നത്. ഒരേ പോയിന്റ് വന്നതോടെ സംസ്കൃതോത്സവം യുപി വിഭാഗത്തിൽ രണ്ട് സ്കൂളുകളും യുപി ജനറല്‍ വിഭാഗത്തില്‍ മൂന്ന് സ്കൂളുകളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു.
സംസ്കൃതോത്സവം യുപി വിഭാഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് സ്കൂളും രാജകുമാരി ഹോളി ക്യൂന്‍സും ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. 86 പോയിന്റുകള്‍ വീതമാണ് ഇരു സ്കൂളുകളും നേടിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചോറ്റുപാറ ഗവ. സ്കൂള്‍ മാത്രമാണ് മത്സരിച്ചത്. അറബി കലോത്സവം എല്‍പി വിഭാഗത്തില്‍ ചോറ്റുപാറ ആര്‍പിഎം സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ കല്ലാര്‍ ഗവ. സ്കൂളിനാണ് ഓവറോള്‍.
ജനറല്‍ എല്‍പി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സ് ഓവറോള്‍ നേടി. ഈ വിഭാഗത്തില്‍ 35 സ്കൂളുകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. യുപി വിഭാഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് യൂപി സ്കൂള്‍, രാജകുമാരി ഹോളി ക്യൂന്‍സ്, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളുകള്‍ 80 പോയിന്റുകള്‍ വീതം നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 228 പോയിന്റുകള്‍ നേടി കല്ലാര്‍ ഗവ. സ്കൂള്‍ ഓവറോള്‍ നേടി. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ വണ്ടന്മേട് എംഇഎസിനാണ് ഓവറോള്‍.
തമിഴ് കലോത്സവത്തിലെ എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ കജനാപ്പാറ ഗവ. സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. കലോത്സവത്തിന്റെ സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ അസി. മാനേജര്‍ ഫാ. മെല്ബിന് കരിവേലിക്കല് അദ്ധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, സിബി മൂലേപ്പറമ്പില്‍, ജെയിംസ് മാത്യ, സുബിന് ജോസഫ്, രാജേഷ് ജോസഫ്, ഷിഹാബുദ്ദീന് ഈട്ടിക്കല്‍, ജോജി ഇടപ്പള്ളികുന്നേല്‍, ബിജു ജോര്‍ജ്, എം. എം. ദേവസ്യ, ഷിജു ഉള്ളിരുപ്പില്‍, സരിന്, സൈജു മൂലേപ്പറമ്പില്‍, ജിന്‍സ് ജോസ് തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.