അറസ്റ്റിലായത് 845 പേർ : ജില്ലയിൽ രാസലഹരി ഉപയോഗത്തിൽ വർധന
1481233
Saturday, November 23, 2024 3:42 AM IST
തൊടുപുഴ: ജില്ലയിൽ വ്യാപകമായി നടക്കുന്ന കഞ്ചാവ് വിൽപ്പനയ്ക്കു പുറമെ സിന്തറ്റിക് ലഹരി ഉത്പന്നങ്ങളുടെ ഉപയോഗത്തിലും വിൽപനയിലും വർധന. ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ 21 വരെ എക്സൈസിന്റെ നേതൃത്വത്തിൽ പിടി കൂടിയ കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും.
ഇക്കാലയളവിൽ ജില്ലയിൽ 8985 പരിശോധനകളാണ് എക്സൈസ് നടത്തിയത്. 91 കിലോ കഞ്ചാവാണ് പിടികൂടിയത്. 898 അബ്കാരി കേസുകളും പിടികൂടി. 870 പ്രതികളാണ് കേസുകളിൽ ഉൾപ്പെട്ടത്. 845 പേരെ അറസ്റ്റ് ചെയ്തു. 1,11,460 രൂപയും പിടിച്ചെടുത്തു.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച 54 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 652 എൻഡിപിഎസ് കേസുകളാണ് കണ്ടെത്തിയത്. നിരോധിത പുകയില ഉത്പന്ന വിൽപനയുമായി ബന്ധപ്പെട്ട 3479 കേസുകളും പിടികൂടി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സിന്തറ്റിക് ലഹരികളുടെ ഉപയോഗത്തിലും വർധനയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 0.125 ഗ്രാം ഹെറോയിൻ, 0.01 ഗ്രാം ബ്രൗണ്‍ഷുഗർ, 6.59 ഗ്രാം ചരസ്, 3.225 ഗ്രാം ഹാഷിഷ്, 962 ഗ്രാം ഹാഷിഷ് ഓയിൽ, 13 ഗ്രാം എംഡിഎംഎ , മെത്താഫെറ്റമിൻ 19.259 ഗ്രാം എന്നിവയും പിടിച്ചെടുത്തു.
79 കഞ്ചാവ് ചെടികൾ, 12935 ലിറ്റർ വാഷ് എന്നിവയും പിടികൂടി. ഇതിനു പുറമെ എൽഎസ്ഡി സ്റ്റാന്പ്, ലഹരിക്കായി ഉപയോഗിക്കുന്ന നിട്രോസേഫാം, ആംഫെറ്റാമിൻ ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇതു കൂടാതെ പോലീസ് പിടി കൂടുന്ന കേസുകളും ഒട്ടേറെയുണ്ട്. വ്യാഴാഴ്ച പുലർച്ചെ തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ 34 ഗ്രാം എംഡിഎംഎ പിടി കൂടിയിരുന്നു. കഴിഞ്ഞ ദിവസം 40 കിലോ കഞ്ചാവും തൊടുപുഴ പോലീസ് പിടികൂടി.
ഏതാനും ദിവസം മുന്‍പ് എംഡിഎംഎയും കഞ്ചാവുമായി ബിഗ് ബോസ് താരവും സുഹൃത്തും മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു.