സ്വന്തമായി വിമാനം നിർമിച്ച സജി തോമസിന് പുരസ്കാരം
1481241
Saturday, November 23, 2024 3:42 AM IST
തൊടുപുഴ: സംസ്ഥാന ഭിന്നശേഷി പുരസ്കാരം സ്വന്തമായി വിമാനം നിർമിച്ച തട്ടക്കുഴ സ്വദേശി സജി തോമസിന് ലഭിച്ചു. മന്ത്രി ആർ. ബിന്ദുവാണ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്ക് സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചത്.
ജന്മനാ ബധിരനും മൂകനുമായ സജി (52) 10 വർഷം മുന്പാണ് സ്വന്തമായി വിമാനം നിർമിച്ച് പറത്തിയത്. സജിക്ക് ഏഴാംക്ലാസ് പഠനമാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസമില്ല. യന്ത്രങ്ങളുടെ പ്രവർത്തനം മനസിലാക്കുന്ന കോഴ്സുകളൊന്നും പഠിച്ചിട്ടില്ല. എന്നിട്ടും മൈക്രോലൈറ്റ് എയർക്രാഫ്റ്റ് സ്വന്തമായി നിർമിച്ച രാജ്യത്തെ ഭിന്നശേഷിയുള്ള ആദ്യത്തെ വ്യക്തിയെന്ന ഖ്യാതി നേടി.
സ്വന്തമായി വിമാനം നിർമിച്ചു പറപ്പിച്ച ഭിന്നശേഷിക്കാരനായ ആദ്യ ഇന്ത്യാക്കാരനാണ് സജി. 2014 ഏപ്രിൽ 10ന് എയർഫോഴ്സിലെ റിട്ട. വിംഗ് കമാൻഡർ എസ്കെജെ നായർ തമിഴ്നാട്ടിലെ തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു.
ആഗ്രഹത്തിന്റെ മാത്രം കരുത്തിൽ ഏഴുവർഷം പരിശ്രമിച്ചാണ് സജി വിമാനം നിർമിച്ചത്. സാന്പത്തിക ബുദ്ധിമുട്ട് നിർമാണത്തെ ബാധിച്ചിരുന്നു.