ചിരട്ടയിൽ വിരിയുന്നു ഡാലിന്റെ വിസ്മയങ്ങൾ
1478110
Monday, November 11, 2024 3:57 AM IST
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: കരിമണ്ണൂർ കുറുന്പാലമറ്റം ഉപ്പൻമാക്കൽ വീടിന്റെ സ്വീകരണ മുറിയിലേയ്ക്ക് കടന്നു വരുന്നവർക്ക് ശിൽപ്പ ചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുകയാണ് ഗൃഹനാഥനായ ഡാലിൻ കുര്യാക്കോസ്. സാധാരണ കർഷകക്കുടുംബത്തിൽ ജനിച്ച ഡാലിന്റെ കൈകളിൽ വിരിഞ്ഞ വിവിധ കരകൗശല രൂപങ്ങളാണ് ഈ സ്വീകരണ മുറിയെ വ്യത്യസ്തമാക്കുന്നത്. പാഴാക്കിക്കളയുന്ന ചിരട്ടയിലും മരത്തിന്റെ വേരുകളിലുമാണ് ഈ മനോഹര ശിൽപ്പങ്ങൾ ഡാലിൻ മെനഞ്ഞിരിക്കുന്നത്.
വർഷങ്ങൾ നീണ്ട പരിശീലനമോ പരിശ്രമമോ ഒന്നും ഡാലിന്റെ ഈ ശിൽപ്പചാതുരിക്കു വേണ്ടി വന്നില്ലായെന്നതാണ് ഏറെ കൗതുകകരം. വർഷങ്ങൾക്കു മുന്പ് പത്താം ക്ലാസ് പഠനം കഴിഞ്ഞിരിക്കുന്ന സമയം വീടിനു സമീപം പുരയിടത്തിൽനിന്നു മുറിച്ചുമാറ്റിയ കൂറ്റൻ കരിമരുതിന്റെ കുറ്റി കണ്ടപ്പോൾ കൗതുകം തോന്നി.
വേരുകൾ പൊട്ടിപ്പോകാതെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കുറ്റി പുറത്തെടുത്തു. പിന്നീട് ഇതു ചെത്തിമിനുക്കി പോളീഷ് ചെയ്തെടുത്തതോടെ മനോഹരമായ ടീപ്പോയ് റെഡിയായി. വീടിന്റെ സ്വീകരണ മുറിയിലെ മുഖ്യ ആകർഷണവും കൂറ്റൻ മരക്കുറ്റിയിൽ തീർത്ത ടീപ്പോയ് തന്നെയാണ്.
മൂന്നു വർഷം, നൂറോളം ശിൽപ്പങ്ങൾ
പിന്നീട് കൃഷിയും റബർ വ്യാപാരവുമായി കഴിയുന്നതിനിടെ ഇത്തരം കാര്യങ്ങൾക്കൊന്നും സമയം ലഭിച്ചില്ല. കോവിഡ് കാലമായതോടെ കരിമണ്ണൂരിലുണ്ടായിരുന്ന റബർ കട നിർത്തി. പിന്നീട് കൃഷിയിലേയ്ക്ക് പൂർണ തോതിൽ ശ്രദ്ധിച്ചെങ്കിലും ഇതിന്റെ ഇടവേളകളിലാണ് ശിൽപ്പനിർമാണത്തിലേക്ക് കൈ വച്ചത്.
വീട്ടിൽ ഉപയോഗത്തിനെടുത്ത തേങ്ങയിൽനിന്നു പുറന്തള്ളുന്ന ഒരു ചിരട്ട പോലും പിന്നീട് പാഴായിപ്പോയില്ല. ഓരോന്നിന്റെയും ഘടനയ്ക്കനുസരിച്ചുള്ള ശിൽപ്പങ്ങൾ ഡാലിന്റെ കരങ്ങളിൽ പിറവിയെടുത്തു.
സാധാരണ ഹാക്സോ ബ്ലേഡും പശയും ഉപയോഗിച്ച് മൂന്നു വർഷത്തിനിടയിൽ ഡാലിൻ തീർത്തത് ചെറുതും വലുതുമായ നൂറോളം ശിൽപ്പങ്ങളാണ്. അലങ്കാരത്തിനു മാത്രമല്ല പലതും ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
താജ്മഹലും ഷോ ലൈറ്റും
രണ്ടു മാസമെടുത്ത് നിർമിച്ച താജ്മഹൽ ആരെയും ആകർഷിക്കുന്ന വിസ്മയമാണ്. ഏറെ സൂക്ഷ്മതയോടെയാണ് ചിരട്ടയുടെ ആയിരക്കണക്കിനു കഷണങ്ങൾ ഉപയോഗിച്ച് ഇത് നിർമിച്ചത്. സ്വീകരണ മുറിക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന ഷോ ലൈറ്റാണ് മറ്റൊരു ആകർഷണം. വിവിധ വലുപ്പത്തിലുള്ള 21 ഓളം ചിരട്ടകൾ ഉപയോഗിച്ചാണ് ഈ സീലിംഗ് ലൈറ്റ് നിർമിച്ചത്. സംഗീതോപകരണമായ ഗിറ്റാറും ചിരട്ട മാത്രം ഉപയോഗിച്ച് നിർമിച്ചു.
വിവിധ തരത്തിലുള്ള ക്ലോക്കുകൾ, വാച്ച്, രൂപക്കൂടുകൾ, പഴയകാല ടെലഫോണ്, പൂച്ചെടികൾ, വൈൻ ഗ്ലാസുകൾ, ഫലകങ്ങൾ, ഫാൻ, റാന്തലുകൾ, വിവിധയിനം കുപ്പികൾ, പഴയ കാല കിണ്ടി, മൊന്ത, പറ, ഉരുളി, മത്സ്യം, അരയന്നം തുടങ്ങി വിവിധ തരത്തിലുള്ള ശിൽപ്പങ്ങളാണ് വീടിന്റെ സ്വീകരണ മുറിയെ അലങ്കരിക്കുന്നത്. ടെലഫോണും ക്ലോക്കും വാച്ചും ഫാനുമെല്ലാം പ്രവർത്തിക്കുന്നവയാണ്.
സൂക്ഷ്മതയും ക്ഷമയും വേണം
ഏറെ സൂക്ഷ്മതയും ക്ഷമയും വേണ്ട ശിൽപ്പനിർമാണം മാനസിക സംതൃപ്തിക്കു വേണ്ടിയാണ് ചെയ്യുന്നതെന്ന് ഡാലിൻ പറഞ്ഞു. ചിരട്ട കൈയിൽ കിട്ടിയാൽ അതിനു തക്കതായ രൂപം മനസിൽ മെനയും. പിന്നീടാണ് നിർമാണം.
ചില ദിവസങ്ങളിൽ മണിക്കൂറുകളോളം ഇതിനുവേണ്ടി ചെലവഴിക്കും. നിർമിച്ചിരിക്കുന്ന ശിൽപ്പങ്ങൾ നിധി പോലെയാണ് ഡാലിൻ സൂക്ഷിച്ചിരിക്കുന്നത്. ഇവ കാണാൻ അവസരമുണ്ടെങ്കിലും ആരും ചോദിക്കരുതെന്ന് മാത്രമാണ് അഭ്യർഥന. പലരും വില കൊടുത്തു വാങ്ങാൻ തയാറായി വന്നെങ്കിലും എത്ര രൂപ കിട്ടിയാലും വിൽക്കാൻ ഡാലിൻ തയാറല്ല.
പിതാവ് കുര്യാക്കോസ്, മാതാവ് റോസമ്മ, ഭാര്യ സുജ, മക്കളായ മെഡിക്കൽ വിദ്യാർഥിനി ഇവാന, എൻജനിയറിംഗ് വിദ്യാർഥി ജെറി എന്നിവരും ശിൽപ്പനിർമാണത്തിനു പിന്തുണ നൽകുന്നു.